അബുദാബി> മലയാളം മിഷന്റെ നാലാമത് പ്രവേശനോത്സവവും അവാർഡ് സമർപ്പണവും ജൂൺ 27, ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ അബുദാബിയുടെ കീഴിൽ നിലവിൽ 65 സെന്ററുകളിലായി 72 അധ്യാപകരുടെ കീഴിൽ ആയിരത്തിഎണ്ണൂറിലേറെ കുട്ടികൾ മലയാളം ഭാഷ സൗജന്യമായി പഠിക്കുന്നു.
പുതുതായി ആരംഭിക്കുന്ന 9 സെന്ററുകളിലായി ഇരുനൂറിലേറെ കുട്ടികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാളം മിഷനിൽ നിന്നും പരിശീലനം ലഭിച്ച 16 അധ്യാപകരാണ് പഠിപ്പിക്കുന്നത്. അബുദാബി മേഖലയുടെ കീഴിൽ കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ഇന്ത്യൻ ഇന്റർനാഷണൽ കൾച്ചറൽ സെന്റർ, മുസഫ, ബദാസായിദ്, അൽ ദഫ്റ എന്നിവിടങ്ങളിലായാണ് ക്ളാസുകൾ നടക്കുന്നത്. ഈ പ്രവേശനോത്സവത്തോട് കൂടി ഇന്ത്യൻ ഇസ്ലാമിക് സെന്ററിലും ബനിയാസിലും പുതിയ സെന്ററുകൾ ആരംഭിക്കും.
കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പ്രവേശനോത്സവത്തിൽ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ മേഖല-ചാപ്റ്റർ തല വിജയികളായ കുട്ടികൾ കവിതകൾ അവതരിപ്പിക്കും. ദശപുഷ്പം അധ്യാപക ശില്പശാലയിൽ പങ്കെടുത്ത അധ്യാപകർക്കുള്ള പ്രശസ്തി പത്ര വിതരണവും, രണ്ടാമത് സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തിലെ വേഖല – ചാപ്റ്റർ തല വിജയികൾക്കുള്ള സമ്മാനദാനവും, ആസാദി കാ അമൃത് വജ്രകാന്തി ചാപ്റ്റർതല ക്വിസ് മത്സര വിജയികൾക്കുള്ള പ്രശസ്തിപത്രദാനവും, അധ്യാപകർക്കുള്ള സംസ്ഥാന സർക്കാരിന്റെ ബാഡ്ജ് വിതരണവുംനടക്കും. പുതുതായി ആരംഭിക്കുന്ന സെന്ററുകളിലെ അധ്യാപകർക്കുള്ള കണിക്കൊന്ന പാഠപുസ്തകങ്ങളുടെയും കൈപുസ്തകങ്ങളുടെയും വിതരണവും ഉണ്ടാകുമെന്ന് മലയാളം മിഷൻ അബുദാബി കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി അറിയിച്ചു.