ന്യൂഡൽഹി
അഗ്നിപഥ് പദ്ധതിക്കെതിരെയും തൊഴിലില്ലായ്മയ്ക്കെതിരെയും ഇടത് വിദ്യാർഥി–- യുവജന പ്രസ്ഥാനങ്ങളുടെ സംയുക്ത നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം. ജൂലൈ 29ന് ഡൽഹി ജന്തർ മന്തറിലും സംസ്ഥാന–- ജില്ലാ തലത്തിലും പ്രതിഷേധം സംഘടിപ്പിക്കാൻ ഡൽഹിയിൽ ചേർന്ന സംയുക്തയോഗം തീരുമാനിച്ചു.
ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ്, ആർവൈഎഫ്, എയ്സ, എഐഡിഎസ്ഒ, എഐഡിവൈഒ, ഐഎഎസ്പി, സിഎസ്യു തുടങ്ങി 12 സംഘടന പങ്കെടുത്തു. രാജ്ഭവൻ, കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കു മുന്നിലാണ് സംസ്ഥാന–- ജില്ലതലങ്ങളിൽ സമരം. തൊഴിലെവിടെ, അഗ്നിപഥ് പിൻവലിക്കുക, യുവജനങ്ങൾക്ക് സ്ഥിരംതൊഴിൽ നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തും.
സംസ്ഥാനങ്ങളിലും ജില്ലതലങ്ങളിലും ഉടൻ സംയുക്ത മുന്നണിക്കും രൂപം നൽകും. കേരളത്തിൽ ഇത് നിലവിൽ വന്നു. ഗൃഹസന്ദർശനമടക്കം രാജ്യമാകെ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. സൈന്യത്തിലെ കരാർവൽക്കരണം മറ്റു സേനകളിലേക്ക് വ്യാപിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യസുരക്ഷപോലും അപകടത്തിലാക്കുന്ന അഗ്നിപഥ് ആർഎസ്എസിന്റെ ഗൂഢപദ്ധതിയാണെന്നും റഹിം പറഞ്ഞു.