നേപിതോ
സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ട് വീട്ടുതടങ്കലിലായിരുന്ന മ്യാൻമർ മുൻ ഭരണാധികാരി ഓങ് സാൻ സൂചിയെ ജയിലിൽ ഏകാന്ത തടവിലേക്ക് മാറ്റി. 2021 ഫെബ്രുവരിയിൽ അട്ടിമറിക്കുശേഷം ഇവരെ സൈന്യം ആദ്യം സ്വന്തം വീട്ടിലും പിന്നീട് അജ്ഞാതകേന്ദ്രത്തിലും തടങ്കലിലാക്കിയിരുന്നു. ബുധനാഴ്ചയാണ് തലസ്ഥാനമായ നേപിതോയിലെ ജയിലിലേക്ക് മാറ്റിയത്. രാജ്യത്തെ ക്രിമിനൽ നിയമം അനുസരിച്ചാണ് നടപടിയെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു. നിലവിലെ കേസുകളിൽ കുറ്റക്കാരിയെന്ന് വിധിച്ചാൽ എഴുപത്തേഴുകാരിയായ സൂചിക്ക് 190 വർഷംവരെ തടവ് ലഭിച്ചേക്കാം.