ന്യൂഡൽഹി/ മുംബെെ
അനുനയനീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെ ബിജെപിയുടെ അട്ടിമറി ശ്രമം നിയമസഭയിൽ നേരിടാനുറച്ച് മഹാരാഷ്ട്ര മഹാസഖ്യം. ഇതിനായി എൻസിപി അധ്യക്ഷൻ ശരദ്പവാർ നേരിട്ട് രംഗത്തെത്തി. മഹാസഖ്യത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചശേഷം പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബദൽ നീക്കവുമായി ഉദ്ധവും രംഗത്തിറങ്ങി. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. 12 വിമത എംഎൽഎമാർക്ക് ഉദ്ധവ് വിപ്പും നൽകി.
വിമതരെ അനുനയിപ്പിക്കാൻ, മഹാസഖ്യത്തിൽനിന്ന് പിൻവാങ്ങാൻ തയ്യാറാണെന്നുവരെ രാവിലെ ശിവസേന നേതൃത്വം വാക്ക് നൽകിയിരുന്നു. എന്നാൽ അതും ഏക്നാഥ് ഷിൻഡെ തള്ളി. തുടർന്നാണ് വിമതരുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നും നിയമസഭയിൽ നേരിടാനും മഹാസഖ്യ നേതൃത്വം തീരുമാനിച്ചത്.
മഹാസഖ്യസർക്കാരിന് ഭൂരിപക്ഷമുണ്ടോയെന്ന് നിയമസഭ തീരുമാനിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ശിവസേന എംഎൽഎമാരെ തെറ്റദ്ധരിപ്പിച്ചാണ് കടത്തിയത്. അതിനുപിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോ ൾ അസം സർക്കാരാണ് അവരെ സഹായിക്കുന്നത്. എല്ലാവരുടെയും പേരുകൾ പറയുന്നില്ലെന്നും പവാർ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി ആവശ്യമായ എല്ലാ സഹായവും ഉറപ്പ് നൽകിയിട്ടുണ്ടെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ശിവസേനയുടെ 55 എംഎൽഎമാരിൽ 37 പേർ ഷിൻഡെയോടൊപ്പമുണ്ട്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ഇവരെ സന്ദർശിച്ചു.
അതേസമയം, ഷിൻഡെ മുംബൈയിലേക്ക് മടങ്ങിവന്നാൽ മഹാസഖ്യം വിടുന്നത് പരിഗണിക്കാമെന്ന് ശിവസേന മുഖ്യവക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. 20 എംഎൽമാർ തിരിച്ചുവരാൻ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, 17 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ഡെപ്യൂട്ടിസ്പീക്കറോട് ശിവസേന അഭ്യർഥിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ പ്രതികരിച്ചു.