അബുദാബി> അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ പുതിയ ഭാരവാഹികള്‍ നിലവില്‍വന്നു. സംഘടനയുടെ അമ്പത്തി മൂന്നാമത്തെ പ്രസിഡന്റായി എതിരില്ലാതെ ഡി നടരാജന് തിരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് നടരാജന് പ്രസിഡന്റ് പദത്തില്‍ എത്തുന്നത്. സെന്ററിന്റെ സാമ്പത്തികസ്ഥിതി ഉയര്‍ത്തുക, കുടുംബങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് മുന്‍ഗണന നല്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന് നടരാജന് സൂചിപ്പിച്ചു.
ലിംസണ്‍ ജേക്കബ്, പി സത്യബാബു
അബുദാബിയിലെ അംഗീകൃത സംഘടനകളില്‍ ഏറ്റവും കൂടുതല്‍ വ്യവസായ പ്രമുഖരും സംരംഭകരും അംഗങ്ങളായിട്ടുള്ള സംഘടനയാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍. 1967-ല്‍ രൂപീകൃതമായ ഐഎസ് സി, തലസ്ഥാനത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും പഴക്കമേറിയതും വലുതുമായ സാമൂഹിക-സാംസ്കാരിക സംഘടനയാണ്. വിദേശ ഇന്ത്യക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്, കോവിഡ്-19 മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2020-ലെ മഹാത്മാ അവാര്‍ഡ് എന്നിവ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി മൂലം ഒത്തുകൂടാനും യോഗങ്ങള്‍ ചേരുന്നതിനും സര്‍ക്കാര്‍ വിലക്കുള്ളതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2020 ഫെബ്രുവരിയിലാണ് ഐഎസ്സിയില് അവസാന തെരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് പ്രസിഡന്റ് യോഗീഷ് പ്രഭു കെ.യുടെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. പി സത്യബാബു (ജനറല്‍ സെക്രട്ടറി), ലിംസണ്‍ കെ ജേക്കബ് (ട്രഷറര്‍), സന്തോഷ് മൂര്‍ക്കോത്ത് (വൈസ് പ്രസിഡന്റ്), റെനി തോമസ് (അസി. ജനറല്‍ സെക്രട്ടറി), മഹേഷ് സി (അസി. ട്രഷറര്‍), ജോസഫ് ജോര്‍ജ് അമിക്കട്ടില് (വിനോദ വിഭാഗം സെക്രട്ടറി) , ദീപക് കുമാര്‍ ദാഷ് (സാഹിത്യ വിഭാഗം സെക്രട്ടറി), ഗിരീഷ് കുമാര്‍ സുധാകരന് (സ്പോര്‍ട്സ് സെക്രട്ടറി), നൗഷാദ് നൂര്‍ മുഹമ്മദ് (സെക്രട്ടറി, ദക്ഷിണ മേഖല), ടി.എന്‍. കൃഷ്ണന് (ഓഡിറ്റര്‍) എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികള്‍.