ദുബായ് > യു എ ഇ യിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുൻപ് എടുത്തു കളഞ്ഞ നിയന്ത്രണങ്ങൾ സർക്കാർ വീണ്ടും ഏർപ്പെടുത്തി. താമസക്കാർ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. നിയന്ത്രങ്ങളുടെ ഭാഗമായി അബുദാബിയിൽ അൽ ഹോസ്ൻ ആപ്പിലെ ഗ്രീൻ പാസ്ഗ്രീൻ പാസ് വാലിഡിറ്റി 30 ദിവസത്തിൽ നിന്ന് 14 ദിവസമായി കുറച്ചു.
യുഎഇയിലെ സർക്കാർ കെട്ടിടങ്ങളിൽ പ്രവേശിക്കുന്നതിനും അബുദാബിയിലെ ഇൻഡോർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതിനും ഗ്രീൻ പാസ് നിർബന്ധമാണ്. ഇൻഡോർ ഏരിയായിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 3,000 ദിർഹം വരെ പിഴ ലഭിയ്ക്കും. വെളിമ്പ്രദേശങ്ങളിൽ മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പോസിറ്റീവ് ആയവർ 10 ദിവസം ക്വാറന്റൈനിൽ പോകുകയും, വിവരം തൊഴിലുടമയെ അറിയിക്കുകയും വേണം. അബുദാബി നിവാസികൾ അവരുടെ ക്വാറന്റൈൻ കാലയളവ് അവസാനിപ്പിക്കാൻ 24 മണിക്കൂർ ഇടവേളയിൽ രണ്ട് പി സി ആർ ടെസ്റ്റുകൾ നടത്തുകയും, രണ്ടു ടെസ്റ്റും നെഗറ്റീവ് ആയിരിയ്ക്കുകയും വേണം. ദുബായിലെ താമസക്കാർ കോവിഡ് -19 DXB സ്മാർട്ട് ആപ്പ് ഡൌൺലോഡ് ചെയ്യണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
യുഎഇയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും കോവിഡ് വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ, ക്യുആർ കോഡോടു കൂടിയ സാധുവായ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ എടുക്കാത്തവർ 48 മണിക്കൂറിനുള്ളിൽ എടുത്ത, ക്യുആർ കോഡുള്ള പിസിആർ പരിശോധനാ സർട്ടിഫിക്കറ്റും ഹാജരാക്കണം.
പ്രതിദിന കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ചില സ്കൂളുകൾ വിദൂര പഠനത്തിലേക്ക് മാറി. പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്ക് പല സ്കൂളുകളും റിമോട്ട് ലേണിംഗ് സൗകര്യമൊരുക്കുകയും, പരീക്ഷ നഷ്ടപ്പെടുന്നവർക്കായി വീണ്ടും പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. ഒട്ടു മിക്ക പേരും വാക്സിൻ എടുത്തിട്ടുള്ളതിനാൽ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാതെ ഇരിക്കുകയും ഇവരെല്ലാം നിശബ്ദ രോഗവാഹകരായി മാറുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് നിലനിൽക്കുന്നത്.