റിയാദ്> സൗദിയിൽ നിന്നും ഈ വർഷം ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും ആയ ആഭ്യന്തര ഹാജിമാരുടെ പ്രാഥമിക അപേക്ഷയുടെ രജിസ്ട്രേഷൻ കാലയളവ് അവസാനിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു, ഇഹ്ത്തമർനാ ആപ്പ് , ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക്ക് എന്നിവ വഴി ഹജ്ജ് ഉംറ മന്ത്രാലയം അനുവദിച്ച ഇലക്ട്രോണിക് അപേക്ഷക്കുള്ള അവസരം ശനിയാഴ്ചയാണ് അവസാനിച്ചത്.
രാജ്യത്തിനകത്തുള്ള സ്വദേശി പൗരന്മാർക്കും വിദേശികൾക്കും ഹജ്ജിനായി രജിസ്റ്റർ ചെയ്യൽ നടപടിയുടെ ഭാഗമായുള്ള അപേക്ഷക സമർപ്പിക്കാനുള്ള അനുവാദം ജൂൺ മൂന്നു മുതൽ തുടർന്നുള്ള ഒമ്പത് ദിവസത്തേക്ക് ആണ് ഹജ്ജ്, ഉംറ മന്ത്രാലയം നൽകിയിരുന്നത്. നിബന്ധനകൾ പൂർത്തിയാക്കിയ അപേക്ഷകൾ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് മന്ത്രാലയം മുൻപുതന്നെ വ്യക്തമാക്കിയിരുന്നു, പ്രായം 65 വയസ്സിൽ കവിയാത്തവരും മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്തവരും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയാക്കിയവരും റെസിഡൻഷ്യൽ പെർമിറ്റ് കാലാവധി ആറുമാസത്തിൽ കുറയാത്തതവരും ആയിരിക്കും നറുക്കെടുപ്പിൽ പരിഗണിക്കപ്പെടുക എന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
നറുക്കെടുപ്പിന്റെ ഫലപ്രഖ്യാപനം ഈ വരുന്ന ബുധനാഴ്ച ആയിരിക്കും എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സന്ദേശം ലഭിക്കുകയും അവർ അനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനുള്ളിൽ പണം അടക്കുകയും വേണം. ഇതോടെയാണ് ഹജ്ജിനുള്ള അനുമതി പത്രം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകൂ. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമായി നാലുലക്ഷത്തോളം പേരാണ് ഇത്തവണ സൗദിയിൽ നിന്നും ഹജ്ജിനു പോകാനായുള്ള അനുമതിക്കായി അപേക്ഷ നൽകി ഫലം കാത്തിരിക്കുന്നത്.
—