ന്യൂഡൽഹി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഗുജറാത്ത് സന്ദർശനത്തിന് മണിക്കൂറുകൾക്കുമുമ്പ് വർഗീയ സംഘർഷം. ബോർസാദിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപമാണ് രണ്ടു വിഭാഗങ്ങൾ ഏറ്റുമുട്ടിയത്.
ഞായറാഴ്ച ആനന്ദ് ജില്ലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റിന്റെ ബിരുദദാന ചടങ്ങിലടക്കം ഷാ പങ്കെടുക്കുമെന്ന അറിയിപ്പുണ്ടായിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള തർക്കഭൂമിയിൽ ഒരു വിഭാഗം നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വാക്കേറ്റം കൈയങ്കാളിക്കും കല്ലേറിനും വഴിമാറി. പൊലീസ് 30 റൗണ്ട് റബർ ബുള്ളറ്റ് നിറയൊഴിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി തർക്ക സ്ഥലത്ത് ഒരു സമുദായത്തിൽപ്പെട്ട ചിലർ ഇഷ്ടിക ഇടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.