ന്യൂഡൽഹി> രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്റെ വിജയത്തിന് വഴിയൊരുക്കിയതിന് പുറമെ കർണാടകത്തിൽ ബിജെപിക്ക് ഒരു എംപിയെകൂടി അധികമായി ലഭിക്കാനും കോൺഗ്രസിന്റെ പാളിയ തന്ത്രങ്ങൾ കാരണമായി. കർണാടകത്തിൽ ഒഴിവുള്ള നാലാമത്തെ സീറ്റിൽ കോൺഗ്രസും ജെഡിഎസും സ്ഥാനാർഥിയെ നിർത്തിയതോടെയാണ് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായത്. ബിജെപിയുടെ വിജയം തടയുന്നതിനായി മത്സരത്തിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. ഇതോടെ നിർണായകമായ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ബിജെപിക്ക് കർണാടകത്തിൽനിന്ന് ഒരു എംപിയെ കൂടി കോൺഗ്രസ് സമ്മാനിച്ചു.
കർണാടകത്തിൽ ബിജെപിക്ക് 121 ഉം കോൺഗ്രസിന് 70 ഉം എംഎൽഎമാരാണ്. ബിജെപിക്ക് രണ്ടു പേരെയും കോൺഗ്രസിന് ഒരാളെയും ജയിപ്പിക്കാം. 32 എംഎൽഎമാരുള്ള ജെഡിഎസിന് ഒരാളെ പോലും തനിച്ച് ജയിപ്പിക്കാനാകില്ല. രണ്ട് എംപിമാരെ ജയിപ്പിച്ചതിനുശേഷവും ബിജെപിക്ക് 29 വോട്ട് ശേഷിക്കും. ഒരാളെ ജയിപ്പിച്ച ശേഷം കോൺഗ്രസിന് 24 വോട്ട് ശേഷിക്കും. ഈ വോട്ടുകളുടെ പിൻബലത്തിലായിരുന്നു നാലാം സീറ്റിലേക്കുള്ള മത്സരം. കൂടുതൽ വോട്ടുള്ള ജെഡിഎസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പിന്മാറിയിരുന്നെങ്കിൽ ബിജെപിയുടെ തോൽവി ഉറപ്പിക്കാമായിരുന്നു.
ഹരിയാനയിൽ കൂറുമാറി വോട്ടുചെയ്ത പ്രവർത്തകസമിതി ക്ഷണിതാവ് കുൽദീപ് ബിഷ്ണോയിയെ പുറത്താക്കിയെങ്കിലും കോൺഗ്രസിൽ പ്രശ്നങ്ങൾ പുകയുകയാണ്. തെറ്റായി വോട്ടു രേഖപ്പെടുത്തിയ കിരൺ ചൗധുരിക്കെതിരെ നടപടിയെടുത്തിട്ടില്ല.