കോഴിക്കോട് > നാഫെഡ് നടപടിയിൽ സംസ്ഥാനത്തെ നാളികേര കർഷകർക്ക് നഷ്ടമായത് 115 കോടിരൂപ. പച്ചത്തേങ്ങ, കൊപ്രവില വല്ലാതെ കുറഞ്ഞപ്പോഴാണ് താങ്ങുവിലയ്ക്ക് സംഭരണം ആരംഭിക്കണമെന്ന ആവശ്യമുയർന്നത്. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിനെതുടർന്നാണ് പച്ചത്തേങ്ങസംഭരണം തുടങ്ങിയത്. ജനുവരിയിൽ പൊതുവിപണിയിൽ കിലോയ്ക്ക് 27 രൂപയുണ്ടായിരുന്നപ്പോൾ 32രൂപയ്ക്കായിരുന്നു കേരഫെഡിന്റെ ആഭിമുഖ്യത്തിൽ സംഭരണം. രണ്ടുമാസംവരെ ഇത് കാര്യമായി നടന്നു. ഇതിന്റെ ഫലമായി പൊതുവിപണിയിലും നാളികേരവില ഉയർന്നു. എന്നാൽ കർഷകന് ലഭിച്ചിരുന്ന സഹായവില അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള നാഫെഡ് പദ്ധതികൾ തയ്യാറാക്കി. വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന സംരംഭകർക്ക് കൊപ്രയോ നാളികേരമോ സംഭരിക്കാൻ അനുമതി നൽകില്ലെന്ന് നാഫെഡ് ഉത്തരവിറക്കി. ഇതോടെ കേരളത്തിലെ നാളികേര സംഭരണം താറുമാറായി.
സംസ്ഥാനത്ത് ഏറ്റവുമധികം നാളികേരം ഉൽപ്പാദിപ്പിക്കുന്ന മാർച്ച്, ഏപ്രിൽ, മാസങ്ങളിലൊന്നും പച്ചത്തേങ്ങ സംഭരണത്തിന്റെ ഗുണം കേരകർഷകർക്ക് ലഭിച്ചില്ല. കേരഫെഡിന്റെ സംഭരണം താളംതെറ്റിയതോടെ പൊതുവിപണിയിലെ ഉണർവ് നിലക്കുകയും നാളികേര വില 25ലെത്തുകയും ചെയ്തു. മന്ത്രിയുൾപ്പെടെയുള്ളവർ നിരന്തരമായി നാഫെഡ് പ്രതിനിധികളുമായി ബന്ധപ്പെട്ടിട്ടും നിലപാടിൽ മാറ്റംവരുത്താൻ തയ്യാറായില്ല.
കിലോയ്ക്ക് – 105.90 രൂപ നിരക്കിൽ 50,000 ടൺ കൊപ്ര സംഭരിക്കാനുള്ള അനുമതിയാണ് നാഫെഡ് വഴി കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തത്. ഇതിനായി കേരളത്തിന് 529 കോടി ലഭിക്കണമായിരുന്നു. നാലിലൊന്ന് സംഭരണംപോലും നടന്നില്ല. കർഷകന് കൊപ്രയ്ക്ക് 22.90 രൂപയും പച്ചത്തേങ്ങയക്ക് 6.50രൂപയും കിലോയ്ക്ക് നഷ്ടമായിക്കൊണ്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ സഹായമില്ലാതെയാണ് കേരഫെഡ് കിലോയ്ക്ക് 32 രൂപ നിരക്കിൽ പുതിയ 45 കേന്ദ്രങ്ങളിൽ എഴ് മുതൽ സംഭരണം തുടങ്ങിയത്.