ന്യൂഡൽഹി
അദാനി ഗ്രൂപ്പിന്റെ ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രീലങ്കയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടൽ നടത്തിയതായി വെളിപ്പെടുത്തൽ. ശ്രീലങ്കയുടെ വടക്കൻ തീരമായ മാന്നാറിൽ കാറ്റിൽനിന്ന് അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് മോദി ആവശ്യപ്പെട്ടതായി സിലോൺ വൈദ്യുതി ബോർഡ് ചെയർമാൻ എം എം സി ഫെർഡിനാൻഡോയാണ് വെളിപ്പെടുത്തിയത്. പൊതുസംരംഭങ്ങൾക്കായുള്ള പാർലമെന്ററി സമിതിയുടെ ഓപ്പൺ ഹിയറിങ്ങിലാണ് ഫെർഡിനാൻഡോയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ശ്രീലങ്കൻ വാർത്താചാനലായ ന്യൂസ് ഫസ്റ്റ് പുറത്തുവിട്ടതോടെ ലങ്കയിലെ പ്രതിപക്ഷ പാർടികൾ നിശിത വിമർശനവുമായി രംഗത്തുവന്നു.
2021 നവംബർ 24ന് പ്രസിഡന്റ് ഗോതബായ രജപക്സെ തന്നെ വിളിച്ചുവരുത്തിയെന്ന് ഫെർഡിനാൻഡോ പാർലമെന്ററി സമിതിയോട് പറഞ്ഞു. ‘മാന്നാറിലെ വൈദ്യുതി പദ്ധതി അദാനിക്ക് നൽകാൻ പ്രധാനമന്ത്രി മോദി നിർബന്ധിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. ഞാനല്ല അത് കൈകാര്യം ചെയ്യുന്നതെന്നും ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആണെന്നും പ്രസിഡന്റിനോട് പറഞ്ഞു. എന്നാൽ ഞാൻ തന്നെ കൈകാര്യം ചെയ്യാൻ പ്രസിഡന്റ് നിർദേശിച്ചു. തുടർന്ന് പ്രസിഡന്റിന്റെ നിർദേശം അറിയിച്ച് ഫിനാൻസ് സെക്രട്ടറിക്ക് കത്തയച്ചു. രണ്ട് സർക്കാരുകൾ തമ്മിലുള്ള ഇടപാടാണെന്നും സൂചിപ്പിച്ചു’–- സമിതി മുമ്പാകെ ഫെർഡിനാൻഡ് ബോധിപ്പിച്ചു.
മത്സരലേലം കൂടാതെ അദാനിക്ക് എങ്ങനെ പദ്ധതി വിട്ടുകൊടുത്തുവെന്ന് സമിതി അംഗങ്ങൾ ആരാഞ്ഞപ്പോഴാണ് മോദിയുടെ ഇടപെടലിനെക്കുറിച്ച് ബോർഡ് ചെയർമാൻ വിശദീകരിച്ചത്. പ്രതിപക്ഷ പാർടികൾ വിഷയം ഏറ്റെടുത്തതോടെ ഗോതബായ നിഷേധക്കുറിപ്പിറക്കി. ഏതെങ്കിലും ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ പദ്ധതി നൽകാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ടു. 2021 സെപ്തംബറിൽ ഗൗതം അദാനി ലങ്കയിലെത്തി ഗോതബായയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി പദ്ധതിക്കായുള്ള ഇടപെടലുണ്ടായത്.
കൊളംബോ തുറമുഖത്തിന്റെ വെസ്റ്റേൺ കൺടെയ്നർ ടെർമിനലിന്റെ നിർമാണ പദ്ധതി നേരത്തേ തന്നെ അദാനി ഗ്രൂപ്പിന് ലഭിച്ചിരുന്നു. വിവാദത്തോട് മോദി സർക്കാരോ അദാനി ഗ്രൂപ്പോ പ്രതികരിച്ചിട്ടില്ല.