ന്യൂഡൽഹി
നെല്ലടക്കമുള്ള ഖാരിഫ് വിളകൾക്ക് താങ്ങുവില നാമമാത്രമായി വർധിപ്പിച്ച കേന്ദ്ര സർക്കാർ കർഷകരെ വീണ്ടും വഞ്ചിച്ചെന്ന് അഖിലേന്ത്യാ കിസാൻസഭ. അരി, ചോളം, നിലക്കടല തുടങ്ങിയവയ്ക്ക് 2022–-23ൽ ഏഴു ശതമാനവും ബജ്റയ്ക്ക് എട്ടുശതമാനവും മാത്രമാണ് വർധന. ഉൽപ്പാദനച്ചെലവും വളംവിലയും വൻതോതിൽ വർധിക്കുമ്പോഴാണ് ഇത്. കഴിഞ്ഞ സീസണില് വളം ലഭ്യത കുറഞ്ഞതിനെത്തുടര്ന്ന് കരിഞ്ചന്ത വ്യാപാരം കൂടിയെന്നും കിസാന്സഭ ചൂണ്ടിക്കാട്ടി.സ്വാമിനാഥൻ കമീഷൻ ശുപാർശ ചെയ്തപോലെ യഥാർഥ ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനമെങ്കിലും കർഷകർക്ക് വരുമാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഭഷ്യഎണ്ണ, പയറുവർഗങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി കുറയ്ക്കാൻ രാജ്യത്ത് കൃഷിചെയ്യാൻ ഇൻസെന്റീവ് നൽകണം. മോദി സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർത്തണമെന്നും കിസാൻസഭ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധവ്ളെ, ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള എന്നിവർ ആഹ്വാനം ചെയ്തു.















