ന്യൂഡൽഹി
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 38–-ാം വാർഷികത്തോട് അനുബന്ധിച്ച് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഒരുവിഭാഗം സുവർണക്ഷേത്രത്തിൽ തമ്പടിച്ചത് പഞ്ചാബിലെ സുരക്ഷാ സാഹചര്യങ്ങൾ ആശങ്കയിലാക്കി. ജർണയിൽസിങ് ബിന്ദ്രൻവാലയുടെ ചിത്രങ്ങളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘം സുവർണക്ഷേത്രത്തിന് മുന്നിൽ പ്രകടനം നടത്തിയത്. കനത്ത സുരക്ഷയും പൊലീസ് നിരോധനാജ്ഞയും അവഗണിച്ച് മുൻ എംപി സിമ്രൻജിത് മാനിന്റെ നേതൃത്വത്തിൽ എത്തിയ ശിരോമണി അകാലിദൾ (അമൃത്സർ) പ്രവർത്തകരാണ് ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്. പ്രകോപനപരമായ പ്രസംഗങ്ങളുമുണ്ടായി. സുരക്ഷാക്രമീകരണങ്ങളെ മറികടന്ന് ഖാലിസ്ഥാൻ അനുകൂല പ്രകടനം നടന്നിട്ടും സംസ്ഥാനപൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.
സിഖുകാർ കടുത്തവെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതിനെ മറികടക്കാൻ പരമ്പരാഗത ആയോധനവിദ്യകളിലും ആധുനിക ആയുധങ്ങളുടെ പ്രയോഗത്തിലും പ്രാവീണ്യം നേടണമെന്നും അകാൽ തഖ്ത് മേധാവി ജ്ഞാനിഹർപ്രീത്സിങ് പറഞ്ഞു. ആംആദ്മി സർക്കാർ അധികാരമേറ്റശേഷം സംസ്ഥാനത്തെ ക്രമസമാധാനനില മോശമാണ്. ഗായകൻ സിദ്ദു മൂസവാലയുടെ കൊലപാതകം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഈ സാഹചര്യം മുതലെടുത്താണ് ഖാലിസ്ഥാൻ അനുകൂലശക്തികൾ രംഗത്തെത്തിയിട്ടുള്ളത്.