തിരുവനന്തപുരം
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചന. പി സി ജോർജിന്റെ നേതൃത്വത്തിൽ ബിജെപിയിലെയും കോൺഗ്രസിലെയും ചില നേതാക്കളും ഇതിൽ ഉൾപെട്ടതായി സൂചനയുണ്ട്.
ഗൂഢാലോചനയ്ക്കായി പി സി ജോർജ് 19 തവണ സ്വപ്നയോട് സംസാരിച്ചതിന്റെ ഫോൺരേഖ പുറത്തായി. 14 തവണ ജോർജും അഞ്ച് തവണ തിരിച്ചും വിളിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയുമായി ഫോണിൽ സംസാരിച്ചതിന്റെയും തെളിവു പുറത്തുവന്നു. വിദ്വേഷ പ്രസംഗത്തിന് പി സി ജോർജ് ജയിലിലായതിനും ബിജെപി നേതാവ് കെ സുരേന്ദ്രൻ ജാമ്യമില്ലാ കേസിലായതിനും പിന്നാലെയാണ് സ്വപ്ന പുതിയ ആരോപണ നാടകവുമായെത്തിയത്. ഇത് ഗൂഢാലോചന തെളിയിക്കുന്നു. അതിനിടെ സ്വപ്ന തന്നെ വന്നുകണ്ടതായി സരിത എസ് നായരോട് പറയുന്ന പി സി ജോർജിന്റെ ഫോൺ സംഭാഷണവും ന്യൂസ് 18 ചാനൽ പുറത്തുവിട്ടു. സ്വപ്നയും സരിത്തും ഒരുമിച്ചാണ് വന്നതെന്ന് ജോർജ് പറയുന്നു. സ്വപ്നയ്ക്ക് പലതും പറയാനുണ്ടെന്ന് പി സി ജോർജ് സരിതയോടുള്ള സംഭാഷണത്തിൽ പറയുന്നുണ്ട്. എൻഐഎ പിണറായിയുടെ ടീമാണെന്നും ജോർജ് പറയുന്നു.
സരിതയുമായി സംസാരിച്ചെന്ന് സമ്മതിച്ച ജോർജ്, സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസിൽ തന്നെ വന്നു കണ്ടിരുന്നതായും ന്യൂസ് ചാനലിനോട് പറഞ്ഞു. ഏപ്രിലിലാണ് സംസാരിച്ചത്. പറഞ്ഞതെല്ലാം വെള്ളക്കടലാസിൽ എഴുതി തന്നെന്നും ജോർജ് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിൽ കൂടുതൽ രാഷ്ട്രീയബന്ധമുണ്ടെന്നും വരും ദിവസം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്നും പിന്നീട് സരിത മാധ്യമങ്ങളോട് പറഞ്ഞു.