തിരുവനന്തപുരം
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി വർഗീയതയിലൂന്നിയ ഭിന്നിപ്പിക്കൽ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്തിനു പുറത്തുനിന്ന് പ്രതിഷേധം ഉയർന്നപ്പോഴാണ് നടപടിക്ക് തയ്യാറായത്. ഈ തീക്കളി ആപത്താണെന്നും കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.
മതവും ജാതിയും വർഗവും വർണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച്, അവരുടെ ജീവിതമില്ലാതാക്കുന്ന രാഷ്ട്രീയം ജനവിരുദ്ധമാണ്. ലോകത്തിനുമുന്നിൽ രാജ്യം നാണംകെട്ടുനിൽക്കേണ്ട അവസ്ഥയാണ്. ബിജെപി നേതാക്കൾ പ്രവാചകനെ നിന്ദിച്ചതിലൂടെ രാജ്യത്തിന്റെ മഹനീയതയ്ക്ക് കോട്ടംതട്ടി.
വലിയ പ്രതിഷേധമാണ് അറബ് രാജ്യങ്ങളിൽനിന്നടക്കം ഉയരുന്നത്. 86 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഗൾഫിലെ തൊഴിൽമേഖല തിരിച്ചുവരവിന്റെ പാതയിലാണ്. അതിനിടെയാണ് അറബ് രാജ്യങ്ങളിലും മറ്റും തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ജീവിതത്തിന് സംഘപരിവാർ പ്രതിസന്ധിയുണ്ടാക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.