ന്യൂഡൽഹി
ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയ്ക്കെതിരായി അന്തർദേശീയമായി വലിയ പ്രതിഷേധം ഉയർന്നിട്ടും പ്രതികരണമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചില്ല. സംഘപരിവാരത്തെ നയിക്കുന്ന ആർഎസ്എസും മൗനത്തിൽ.
ബിജെപിയുടെ ദേശീയ വക്താവായ നൂപുർ ശർമ ചാനൽ ചർച്ചയിലാണ് പ്രവാചകനെതിരായ പരാമർശങ്ങൾ നടത്തിയത്. വിവാദമായതോടെ തനിക്ക് വധഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് നൂപുർ രംഗത്തുവന്നു. ട്വിറ്ററിറിലെ നൂപുറിന്റെ പ്രതികരണത്തിന് പിന്തുണയുമായി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും പ്രധാനമന്ത്രി കാര്യാലയവുമെല്ലാം എത്തിയിരുന്നു. ടൈംസ്നൗ, റിപ്പബ്ലിക് ടിവി തുടങ്ങിയ ബിജെപി ചാനലുകളും നൂപുറിനൊപ്പം ഉറച്ചുനിന്നു. നൂപുറിനെ പിന്തുണച്ചാണ് ബിജെപിയുടെ ഡൽഹി മാധ്യമ വിഭാഗം തലവനായ നവീൻ ജിൻഡാൽ സമൂഹമാധ്യമത്തിൽ കൂടുതൽ പ്രകോപനപരമായ പരാമർശം നടത്തിയത്.
ആഭ്യന്തരമായി ഉയർന്ന വിമർശത്തെയെല്ലാം തുടക്കത്തിൽ സംഘപരിവാരം പുച്ഛിച്ചുതള്ളി. ഇന്ത്യയുമായി അടുത്ത വ്യാപാര–- വാണിജ്യ ബന്ധമുള്ള ഗൾഫ് രാജ്യങ്ങളടക്കം പ്രതിഷേധിച്ചതോടെയാണ് സംഘപരിവാരത്തിന് കളി കാര്യമായത്. ഇന്ത്യയുടെ ഭരണകക്ഷി പാർടി വക്താക്കൾ പ്രവാചകനിന്ദ നടത്തിയതാണ് ഗൾഫ് രാജ്യങ്ങളെ പ്രകോപിപ്പിച്ചത്.
സംരക്ഷണം നൽകുന്ന മോദി സർക്കാർ നിലപാടും കടുത്ത പ്രതികരണത്തിന് കാരണമായി. നൂപുറിനെ സസ്പെൻഡ് ചെയ്തും ജിൻഡാലിനെ പുറത്താക്കിയും ബിജെപി നടപടി സ്വീകരിച്ചെങ്കിലും വൈകിപ്പോയി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് ബിജെപി പ്രസ്താവന നടത്തിയിട്ടും കാര്യമുണ്ടായില്ല.
എല്ലാ പള്ളികളിലും ശിവലിംഗം തിരയേണ്ടതില്ലെന്ന ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയും ഈ തിരിച്ചറിവിൽനിന്നായിരുന്നു. അന്തർദേശീയതലത്തിൽ ഒറ്റപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രിതന്നെ പരസ്യപ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വക്താക്കൾക്ക് ചിട്ടയുമായി ബിജെപി
പ്രവാചകനിന്ദാ പരാമർശം തിരിച്ചടിയായതോടെ ടിവി ചർച്ചകളിലും മറ്റും പ്രതിനിധികളായി പോകുന്നവർക്കായി പുതിയ നിബന്ധനകളുമായി ബിജെപി. ടിവി ചർച്ചകളിൽ ആര് പങ്കെടുക്കണമെന്ന് ബിജെപിയുടെ മീഡിയാ സെല്ലാകും ഇനി തീരുമാനിക്കുക. ചർച്ചകളിൽ സംയമനം പാലിക്കുക, ഭാഷ നിയന്ത്രിക്കുക, പ്രകോപനങ്ങളിൽ വീഴാതിരിക്കുക തുടങ്ങിയ നിബന്ധനകളുമുണ്ടാകും.