ന്യൂഡൽഹി
സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം അടച്ച തുകയായ 17,240 കോടി രൂപ മടക്കിനൽകണമെന്ന് ആവശ്യപ്പെട്ട് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിന് ഈ തുക കിട്ടേണ്ടതുണ്ടെന്ന് കത്തിൽ അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അടച്ച തുക മടക്കി നൽകാനാകില്ലെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് രാജസ്ഥാൻ അടക്കമുള്ള കോൺഗ്രസ് സർക്കാരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2004 നവംബർ മുതൽ 2022 മാർച്ച് വരെ ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതമായി 11,850 കോടി രൂപയാണ് നാഷണൽ സെക്യൂരിറ്റി ഡിപ്പോസിറ്ററി ലിമിറ്റഡിന് (എൻഎസ്ഡിഎൽ) കൈമാറിയത്. ഇതിന്റെ നിലവിലെ വിപണി മൂല്യം 17,240 കോടി രൂപയാണെന്ന് കത്തിൽ പറയുന്നു. കോൺഗ്രസ് കേന്ദ്രം ഭരിച്ച ഘട്ടത്തിലാണ് പുതിയ പങ്കാളിത്ത പെൻഷൻ രീതിക്ക് തുടക്കമിട്ടത്.
ഇടതുപക്ഷം ഭരണത്തിലുണ്ടായിരുന്ന ബംഗാളും ത്രിപുരയുമൊഴികെ കോൺഗ്രസും ബിജെപിയും ഭരിച്ച മറ്റ് സംസ്ഥാനങ്ങളെല്ലാം പങ്കാളിത്ത പെൻഷനിലേക്ക് മാറി. കേരളത്തിൽ യുഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയെങ്കിലും പിന്നീട് വന്ന എൽഡിഎഫ് സർക്കാർ പഴയ പെൻഷൻ പുനഃസ്ഥാപിച്ചു. എന്നാൽ, ഉമ്മൻചാണ്ടി സർക്കാർ വീണ്ടും പങ്കാളിത്ത പെൻഷനിലേക്ക് വീണ്ടും മാറ്റി.