ന്യൂഡൽഹി> കശ്മീരിൽ സമാധാനം ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതിന് പിന്നാലെ പ്രാണരക്ഷാർഥം ജമ്മുവിലേക്ക് മടങ്ങുന്നവരെ വഴിയിൽ തടഞ്ഞ് സുരക്ഷാസേന. ജീവഭയംകൊണ്ട് രക്ഷപ്പെടുന്നവരെ ശ്രീനഗർ-–-ജമ്മു ദേശീയപാതയിലെ ചെക്ക് പോസ്റ്റുകളിലാണ് തടയുന്നത്. ആളുകൾ തിരികെ പോകാൻ വിസമ്മതിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. സമാധാനം ഉറപ്പാക്കാനാണെന്ന പേരിൽ കശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടികളാണ് ഇപ്പോഴത്തെ സാഹചര്യം സൃഷ്ടിച്ചതെന്ന വിമർശം ശക്തമായി.
പലായനം തടയാൻ പ്രധാനമന്ത്രി പുനരധിവാസ പദ്ധതിയിൽ ജോലി ലഭിച്ച 177 അധ്യാപകർക്ക് ശനിയാഴ്ച താഴ്വരയിൽത്തന്നെയുള്ള ‘സുരക്ഷിത സ്ഥലങ്ങളിലേക്ക് ’ സ്ഥലംമാറ്റം അനുവദിച്ച് മുഖ്യ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറക്കിയിരുന്നു. സേനാ ക്യാമ്പുകൾക്ക് അടുത്തുള്ള ബദാമിബാഗ്, അത്വജൻ, ബത്വാര, ജവഹർ നഗർ, വാജ്ബാഗ്, ബാർസുല എന്നിവിടങ്ങളിലേക്കാണ് മാറ്റം. അനധ്യാപകർക്കും മാറ്റമുണ്ട്. സ്ഥിതി രൂക്ഷമായതോടെ എല്ലാ വകുപ്പിലും താരതമ്യേന സുരക്ഷിതമായ ജില്ലാ ആസ്ഥാനങ്ങളിലേക്കും മുനിസിപ്പൽ ആസ്ഥാനങ്ങളിലേക്കും മാറ്റം നൽകണമെന്നാണ് നിർദേശം. 4500 ജീവനക്കാരാണ് നിലവിൽ താഴ്വരയിൽ ഉള്ളത്. ജമ്മുവിലേക്കുതന്നെ തിരിച്ചയക്കണമെന്ന ആവശ്യത്തിൽ ഇവർ ഉറച്ചുനിൽക്കുകയാണ്.
സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റം അനുവദിക്കാതായതോടെയാണ് ജീവനക്കാർ ജമ്മുവിലേക്ക് പലായനം ചെയ്യുന്നത്. തിരിച്ചറിയൽ രേഖ പരിശോധിച്ച് പണ്ഡിറ്റുകൾ, ഡോഗ്ര വിഭാഗക്കാർ, അതിഥിത്തൊഴിലാളികൾ, ദളിത് ഹിന്ദു തുടങ്ങിയവരെ തിരിച്ചയക്കുകയാണ്. പണ്ഡിറ്റുകളുടെ സമരസമിതി ഒരുക്കിയ ട്രക്കുകളിലും സ്വകാര്യ വാഹനങ്ങളിലുമായാണ് പലായനം. ഇതിനോടകം നാനൂറിനടുത്ത് പണ്ഡിറ്റ് കുടുംബം ജമ്മുവിലെ ജഗ്ദി ക്യാമ്പിൽ എത്തിയെന്നാണ് റിപ്പോർട്ട്. ആത്യാവശ്യകാര്യങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയാൽപ്പോലും തടയുകയാണെന്ന് പണ്ഡിറ്റ് വിഭാഗത്തിൽനിന്നുള്ള അശ്വനി സാധു വെളിപ്പെടുത്തി. ശ്രീനഗറിലെ ഇന്ദിരാ നഗർ ക്യാമ്പിന് ചുറ്റും ബാരിക്കേഡ് നിരത്തിയ ചിത്രങ്ങൾ പങ്കുവച്ച് ശ്വേതാ ഭട്ട് എന്ന യുവതി കശ്മീർ നരകമായെന്നും പരാജയപ്പെട്ട സർക്കാരാണ് ഇവിടെയുള്ളതെന്നും ആരോപിച്ചു.
അധ്യാപികയും ബാങ്ക് ജീവനക്കാരനും ഉൾപ്പെടെ നിരവധി പേർ ഭീകരരുടെ തോക്കിനിരയായിട്ടും ജനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നാണ് ആക്ഷേപം.