ന്യൂഡൽഹി
പഞ്ചാബ് കോൺഗ്രസിൽനിന്ന് കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. നാല് മുൻ മന്ത്രിമാരടക്കം കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട അഞ്ച് പേരെയും അമരീന്ദർ അഭിനന്ദിച്ചു. മഞ്ഞുമലയുടെ അഗ്രം മാത്രമാണിതെന്നും കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസ് വിടുമെന്നും അമരീന്ദർ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ മന്ത്രിമാരായിരുന്ന രാജ്കുമാർ വെർക്ക, ബൽബീർസിങ് സിദ്ദു, ഗുർപ്രീത് കാങ്ഗർ, സുന്ദർശ്യാം അറോറ, എംഎൽഎ കേവൽ സിങ് ധില്ലൺ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നത്. അധികാരത്തിൽനിന്ന് പുറത്തായതിനു പിന്നാലെ ഇത്രയധികം നേതാക്കൾ കൂട്ടമായി പാർടി വിട്ടത് സംസ്ഥാന കോൺഗ്രസ് ഘടകത്തിന് കനത്ത ആഘാതമായി. നേരത്തേ മുതിർന്ന നേതാവ് സുനിൽ ഝക്കറും ബിജെപിയിൽ ചേർന്നിരുന്നു. ഉദയ്പുരിലെ ചിന്തൻ ശിബിരത്തിനുശേഷമാണ് കൂട്ടകൊഴിഞ്ഞുപോക്ക് എന്നത് ഇരട്ടപ്രഹരമായി. നന്ദിയില്ലാത്ത മകൻ അമ്മയെ ഉപേക്ഷിച്ച് പോകുംപോലെയാണ് നേതാക്കളുടെ കൂറുമാറ്റമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിങ് രാജ വാറിങ് പ്രതികരിച്ചു.
കോൺഗ്രസിലെ മാലിന്യങ്ങൾ വന്ന് വീഴുന്ന ചവറ്റുകൊട്ടയായി ബിജെപി മാറിയെന്ന് എഎപി നേതാവ് രാഘവ് ചദ്ദ പ്രതികരിച്ചു.















