കൊൽക്കത്ത
വിഖ്യാത മലയാളി -േബാളിവുഡ് ഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ(53) അകാലവിയോഗത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ദുരൂഹത. ചൊവ്വാഴ്ച രാത്രി ദക്ഷിണ കൊൽക്കത്തയിലെ നസ്സുറുൾ മഞ്ചിൽ പരിപാടി അവതരിപ്പിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പരിപാടി പൂർത്തിയാക്കാതെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. രാത്രി പത്തോടെ ഹോട്ടൽമുറിയിൽ കുഴഞ്ഞുവീണ കെ കെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വീഴ്ചയിൽ തലയ്ക്കും മുഖത്തും പരിക്കേറ്റു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മുംബൈയിലെത്തിച്ചു. വ്യാഴാഴ്ച സംസ്കാരം നടക്കും. ബംഗാൾ സർക്കാരിന്റെ സാംസ്കാരിക കേന്ദ്രമായ രബീന്ദ്ര സദനിൽ പൊതുദർശനത്തിനുവച്ചു. കെ കെയുടെ ഭാര്യ ജ്യോതി കൃഷ്ണയും മകനും മകളും മുംബൈയിൽനിന്ന് ബുധൻ രാവിലെ കൊൽക്കത്തയിലെത്തി.
നിയന്ത്രണംവിട്ട് ജനക്കൂട്ടം, അസ്വസ്ഥനായി കെ കെ
കോളേജ് ഫെസ്റ്റിവലിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ ഛത്രപരിഷത്തിന്റെ നിയന്ത്രണത്തിലുള്ള രണ്ട് കോളേജ് യൂണിയനുകളുടെ പരിപാടികളാണ് തിങ്കളും ചൊവ്വയുമായി നസ്സുറുൾ മഞ്ചിൽ നടന്നത്. 2400 പേർക്ക് ഇരിക്കാവുന്ന ഹാളിൽ 7500ലധികം പേര് എത്തി. ഇവരെ നിയന്ത്രിക്കാൻ ആള്ക്കൂട്ടത്തിനുനേരെ തൃണമൂലുകാരും പൊലീസും അഗ്നിശമന വാതകം പ്രയോഗിക്കുന്ന ദൃശ്യം പുറത്തുവന്നു. ആൾതിരക്കിനിടയിൽ ഹാളിൽ എസിയുടെ പ്രവർത്തനം നിലച്ചതോടെ സ്ഥിതി വഷളായി. കടുത്ത ഉഷ്ണത്തിൽ വിയർത്തൊഴുകിയ കെ കെ അസ്വസ്ഥത അറിയിക്കുകയും ഒന്നിലേറെ തവണ പാട്ട് നിർത്തുകയയും ചെയ്തു. ശാരീരിക അസ്വസ്ഥത അസഹ്യമായതോടെ സെക്രട്ടറി ഹിദേശ് ഭട്ടിനൊപ്പം വേദിവിടുകയായിരുന്നു. ഓഡിറ്റോറിയത്തിലെ അസൗകര്യവും അനിയന്ത്രിത ജനക്കൂട്ടവുമാണ് കെ കെയുടെ മരണത്തിന് വഴിവച്ചതെന്ന വിമർശം ശക്തമായി.