തിരുവനന്തപുരം
ജിഎസ്ടി നഷ്ടപരിഹാര കാലാവധി ഏതാനും വർഷത്തേക്കുകൂടി നീട്ടേണ്ടത് സംസ്ഥാനങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നഷ്ടപരിഹാരം ജൂലൈയിൽ അവസാനിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാട് നീതിപൂർവമുള്ളതല്ല. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കിടയിലുള്ള തർക്കങ്ങൾ സഹകരണാത്മകമായ രീതിയിൽ ചർച്ചചെയ്യാനുള്ള അന്തരീക്ഷവും സമയവും ഉറപ്പുവരുത്താൻ നഷ്ടപരിഹാര കാലാവധി നീട്ടൽ സഹായകമാകും.
14 ശതമാനം വാർഷിക നികുതി വരുമാന വർധന കേന്ദ്രസർക്കാർ ഉറപ്പു നൽകിയതിനാലാണ് സംസ്ഥാനങ്ങൾ ജിഎസ്ടിക്ക് സമ്മതംമൂളിയത്. ഇതിൽ കുറവുവന്നാൽ നഷ്ടപരിഹാരത്തുകയിൽനിന്ന് നികത്തുമെന്നതായിരുന്നു ഉറപ്പ്. നഷ്ടപരിഹാരം കേന്ദ്രസർക്കാരിന്റെ ബജറ്റിൽനിന്നല്ല നൽകുന്നത്. പുകയിലയിലും ഏതാനും സൂപ്പർ ആഡംബര വസ്തുക്കളുടെമേലും ഏർപ്പെടുത്തിയ സെസിൽനിന്നാണ്. അതിനാൽ കേന്ദ്രത്തിന് നഷ്ടമൊന്നുമില്ല.
കാലാവധി നീട്ടലിൽ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്കുപോലും കേന്ദ്രം തയ്യാറല്ല. നഷ്ടപരിഹാരമില്ലെങ്കിൽ, ജിഎസ്ടിയുടെ പൊതു ചട്ടക്കൂടിൽനിന്നുതന്നെ സംസ്ഥാന ജിഎസ്ടി നിരക്കുമാറ്റത്തിന് സംസ്ഥാനങ്ങൾക്ക് അവകാശം നൽകണം. ആഡംബരവസ്തുക്കളുടെമേലുള്ള നികുതി വർധിപ്പിക്കണം. അവശ്യവസ്തുക്കളുടെമേലുള്ള നികുതി നിയന്ത്രണം തുടരണം. നിലവിലുള്ള നാല് നിരക്ക് നിലനിർത്തണം. ജിഎസ്ടി നികുതി സമ്പ്രദായം മുൻകാലത്തെ അപേക്ഷിച്ച് അതിലളിതവൽക്കരിക്കപ്പെട്ടതായും തോമസ് ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.