തിരുവനന്തപുരം
രണ്ടയിരത്തി ഇരുപത്തഞ്ചോടെ ക്ഷീരമേഖലയിൽ എല്ലാ തലത്തിലുമുള്ള സ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ക്ഷീരദിനാചരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകർക്ക് ആത്മവിശ്വാസവും സാമൂഹ്യാധികാരവും ലഭ്യമാക്കുന്ന നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടു ലക്ഷം ക്ഷീരകർഷകരുണ്ട്. പ്രതിശീർഷ പാൽ ലഭ്യത 189 ഗ്രാം മാത്രമാണ്. ഇത് 250 ഗ്രാം ആക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാർ ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന പരിപാടിയിൽ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, മിൽമ ചെയർമാൻ കെ എസ് മണി, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ. വി പി ഉണ്ണിക്കൃഷ്ണൻ, ഡോ.പാട്ടീൽ സുയോഗ് സുഭാഷ് റാവു, ഡോ. കെ സിന്ധു, ഡോ. ആർ രാജീവ്, ഡോ. ബി ശ്രീകുമാർ, എൻ ഭാസുരാംഗൻ, ജോൺ തെരുവത്ത്, ആർ എസ് ശ്രീകുമാർ, ഭഗത് റൂഫസ്, അഷ്ടപാലൻ എന്നിവർ സംസാരിച്ചു. ലോക ക്ഷീരദിന ഭാഗമായി ക്ഷീരസഹകരണ സംഘങ്ങളിലും ക്ഷീരവികസന വകുപ്പിനു കീഴിലെ വിവിധ ഓഫീസുകളിലും ക്ഷീരപതാക ഉയർത്തി. ഏഴു വരെ ക്ഷീരവാരാചരണവും നടക്കും.