ന്യൂഡൽഹി
ലഖിംപുർഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ വാഹനം കയറ്റിക്കൊന്ന കേസിലെ പ്രധാനസാക്ഷിക്കുനേരെ ഉത്തർപ്രദേശിൽ വധശ്രമം. കേസിലെ സാക്ഷിയും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ ദിൽബാഗ്സിങ്ങിന് നേരെയാണ് ചൊവ്വ രാത്രി ആക്രമണമുണ്ടായത്.
ഗോലാകോട്ലാവാലി മേഖലയിലെ അലിഗഞ്ജ്–-മുന്ദറോഡിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിൽബാഗ്സിങ്ങിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു. കേന്ദ്രആഭ്യന്തരസഹമന്ത്രി അജയ്മിശ്രയുടെ മകൻ ആശിഷ്മിശ്രയാണ് കേസിലെ മുഖ്യപ്രതി. മറ്റ് രണ്ട് സാക്ഷികൾക്ക് മുമ്പ് മർദനമേറ്റിരുന്നു.
കേസിലെ സാക്ഷികൾക്കുനേരെ തുടർച്ചയായി ആക്രമണമുണ്ടാകുന്നതായി അഭിഭാഷകർ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള വസ്തുതകൾ പരിഗണിച്ച് സുപ്രീംകോടതി ആശിഷ്മിശ്രയുടെ ജാമ്യം റദ്ദാക്കിയത്.