ന്യൂഡൽഹി
രാജസ്ഥാനിലും ഹരിയാനയിലും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് കുതിരക്കച്ചവടം ലക്ഷ്യമിട്ട് ബിജെപി ‘സ്വതന്ത്ര’ സ്ഥാനാർഥികളെ രംഗത്തിറക്കിയതോടെ വോട്ടുചോർച്ച തടയാന് എംഎല്എമാരെ റിസോര്ട്ടിലാക്കാന് കോണ്ഗ്രസ്. ഹരിയാനയിൽ എംഎൽഎമാരെ ഛത്തിസ്ഗഢിലെ റിസോർട്ടിലേക്ക് മാറ്റും.
രാഹുൽ ബ്രിഗേഡിലെ പ്രധാനിയായ അജയ് മാക്കനാണ് ഹരിയാനയില് സ്ഥാനാർഥി. രാജസ്ഥാനിലെ എംഎല്എമാരെ ഉദയ്പുരിൽ ചിന്തൻ ശിബിരം ചേർന്ന റിസോർട്ടിലേക്ക് മാറ്റും. ബിജെപിയും ജയ്പുരിലെ റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റാൻ ആലോചിക്കുന്നു.
ബിജെപി–- സ്വതന്ത്ര സ്ഥാനാർഥിയായി വാർത്താചാനൽ ഉടമയും മുൻ കോൺഗ്രസ് നേതാവിന്റെ മകനുമായ കാർത്തികേയ ശർമ രംഗത്തുവന്നതോടെ ഹരിയാനയിൽ കോൺഗ്രസ് പ്രതിസന്ധിയിലായി. ശർമയ്ക്ക് പത്ത് എംഎൽഎമാരുള്ള ജെജെപിയും പിന്തുണ അറിയിച്ചു. രാജസ്ഥാനിൽ കോർപറേറ്റ് മാധ്യമ തലവൻ സുഭാഷ് ചന്ദ്രയാണ് ബിജെപി പിന്തുണയുള്ള സ്വതന്ത്രൻ.
അതേസമയം, കോൺഗ്രസിന് ജയസാധ്യതയുള്ള സീറ്റുകൾ കുതിരക്കച്ചവടത്തിലൂടെ പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബിജെപി നാല് സംസ്ഥാനത്ത് കേന്ദ്ര മന്ത്രിമാരെ രാജ്യസഭാ തെരഞ്ഞെടുപ്പ് ‘ഇൻചാർജു’കളായി നിയമിച്ചു. ഹരിയാനയിൽ ഗജേന്ദ്ര ശെഖാവത്തും രാജസ്ഥാനിൽ നരേന്ദ്ര സിങ് തോമറും കർണാടകത്തിൽ ജി കിഷൻ റെഡ്ഡിയും മഹാരാഷ്ട്രയിൽ അശ്വനി വൈഷ്ണവുമാണ് ചുമതലക്കാർ.
രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും വിജയം ഉറപ്പിച്ച കർണാടകത്തിൽ നാലാം സീറ്റിനായി കടുത്ത പോരാട്ടമാണ്.