ന്യൂഡൽഹി
അസമില് മുഖ്യമന്ത്രി ഹിമാന്ത ബിസ്വ സാർമയുടെ ഭാര്യ റിനികി ഭുയാൻ സാർമയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽനിന്ന് സർക്കാർ വഴിവിട്ട് മെഡിക്കൽ സാമഗ്രികൾ വാങ്ങിയെന്ന് വെളിപ്പെട്ടു. കഴിഞ്ഞ സർക്കാരിൽ ഹിമാന്ത ആരോഗ്യമന്ത്രിയായിരിക്കെ റിനികിയുടെ വക ജെസിബി ഇൻഡസ്ട്രീസിന് 5,000 പിപിഇ കിറ്റിനുള്ള കരാർ നൽകി. സാനിറ്ററി നാപ്കിൻ മാത്രം നിർമിക്കുന്ന സ്ഥാപനമാണിത്.
കിറ്റ് വാങ്ങാൻ 2020 മാർച്ച് 18ന് അടിയന്തരമായി ഉത്തരവിറക്കി ഈ സ്ഥാപനത്തിന് കരാർ നൽകുകയാണ് ചെയ്തതെന്ന് വിവരാവകാശരേഖകൾ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സാർമ കുടുംബത്തിന്റെ ബിസിനസ് പങ്കാളി ഘൻശ്യാം ധനുക്കയുടെ ഉടമസ്ഥതയിലുള്ള ജിആർഡി ഫാർമസ്യൂട്ടിക്കൽസ്, മെഡിടൈം ഹെൽത്ത്കെയർ എന്നീ കമ്പനികൾക്കും സമാനമായ വിധത്തിൽ ആരോഗ്യവകുപ്പ് വർക്ക്ഓർഡർ നൽകി.
ഹിമാന്തയുടെ മകൻ നന്ദീലിന്റെ നിയന്ത്രണത്തിലുള്ള ആർബിഎസ് റിയലറ്റേഴ്സിന്റെ ഡയറക്ടറാണ് ഘൻശ്യാം. 2020 മാർച്ചിൽ മെഡിടൈമിനു 20,000 കിറ്റിനുള്ള ഓർഡർ നൽകി. ജിആർഡിക്ക് 10,000 ബോട്ടിൽ ഹാൻഡ് സാനിറ്റൈസറിനുള്ള കരാറും നൽകി.
ജെസിബി ഇൻഡസ്ട്രീസിനും മെഡിടൈമിനും നിശ്ചിതസമയപരിധിയിൽ സാമഗ്രികൾ എത്തിക്കാനായില്ല. എന്നാൽ വീണ്ടും ഈ കമ്പനികൾക്ക് ആരോഗ്യവകുപ്പ് സംഭരണകരാറുകൾ നൽകിയെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.