ന്യൂഡൽഹി
മീഡിയാവൺ സംപ്രേഷണവിലക്കിന് എതിരായ ഹർജിയിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽചെയ്തു. അതീവരഹസ്യമായ റിപ്പോർട്ടുകൾ പുറത്തുവിടാൻ കഴിയില്ലെന്നും എതിർകക്ഷിയായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വിവരങ്ങൾ കൈമാറാനാകില്ലെന്നുമുള്ള മുൻനിലപാട് സർക്കാർ പുതിയസത്യവാങ്മൂലത്തിലും ആവർത്തിച്ചു.
‘കൈമാറിയാല് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ചിന്തിക്കാവുന്നതിലും അപ്പുറം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക കേസായതിനാൽ വിവരങ്ങൾ മീഡിയാവണ്ണിനെ അറിയിക്കേണ്ട ബാധ്യതയില്ല. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവയ്ക്കാൻ ഇന്ത്യൻ തെളിവ് നിയമപ്രകാരം സർക്കാരിന് പ്രത്യേകഅവകാശമുണ്ട്’–- വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം ഡയറക്ടർ വൃന്ദാ മനോഹർ ദേശായ് സത്യവാങ്മൂലത്തിൽ പറയുന്നു.
മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറുന്നതിനെ ചാനൽഉടമകൾ ചോദ്യംചെയ്തിരുന്നു. സംപ്രേഷണവിലക്ക് ഏർപ്പെടുത്തിയത് എന്തിന്റെ പേരിലാണെന്ന് അറിഞ്ഞാൽ മാത്രമേ എതിർവാദം ഉന്നയിക്കാനാകുകയുള്ളൂവെന്നും അറിയിച്ചു. ഈ വാദം പരിഗണിച്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് നിർദേശിച്ചു.
മുദ്രവച്ച കവറുകളിൽ നിർണായകവിവരങ്ങൾ കൈമാറുന്നതിന്റെ നിയമസാധുത പരിശോധിക്കുമെന്നും അറിയിച്ചു. സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം സർക്കാർ പലവട്ടം നീട്ടിവാങ്ങിയിരുന്നു.