കൊച്ചി
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഡിജിറ്റൽ രേഖ പരിശോധിക്കാൻ സമയം വേണമെന്നാണ് ആവശ്യം. കോടതിയെ സമീപിക്കുന്നതും സമയം കൂട്ടിച്ചോദിക്കുന്നതും നിയമപരമാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കി. തുടരന്വേഷണത്തിന് ഒരു ദിവസംപോലും കൂട്ടി നൽകരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. വിചാരണ തടസ്സപ്പെടുത്താനാണ് നീക്കം. പല രീതിയിലും ന്യായാധിപരെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ട്. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലായിരുന്നു. ദൃശ്യങ്ങൾ കണ്ട്, കാറിൽപ്പോയി കേസിനാവശ്യമായ കുറിപ്പുണ്ടാക്കി എന്നു പറഞ്ഞ് അഭിഭാഷകരെ പ്രതിക്കൂട്ടിലാക്കുകയാണ്.
അതിൽ എന്താണ് തെറ്റ്. കോടതിയിൽവച്ചാണ് ദൃശ്യങ്ങൾ കണ്ടത്. തന്നെ കസ്റ്റഡിയിൽ വാങ്ങി ഫോണിൽനിന്ന് ദൃശ്യം കണ്ടെത്തിയെന്ന് വരുത്തിത്തീർക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ദിലീപ് ആരോപിച്ചു. തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്. ദിലീപിന്റെ എതിർപ്പ് അവഗണിച്ചാണ് ഹൈക്കോടതി നേരത്തേ ഒരുമാസം സമയം നീട്ടി നൽകിയത്.
അതിജീവിതയുടെ
ആവശ്യം നിരസിച്ചു
കേസ് കേൾക്കുന്നതിൽനിന്ന് ജഡ്ജി ഒഴിയണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരസിച്ചു. തുടരന്വേഷണ സമയപരിധി നിശ്ചയിച്ച് ഉത്തരവിട്ടത് താനായതിനാൽ കേസിൽനിന്ന് നിയമപരമായി പിന്മാറാൻ കഴിയില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കാൻ സമയം നൽകണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. സ്വതന്ത്രമായ അന്വേഷണം വേണം. ദൃശ്യം ചോരുമോയെന്ന് ഭയമുണ്ടെന്നും ചില വാർത്തകൾ വിഷാദത്തിന് കാരണമായെന്നും അതിജീവിത അറിയിച്ചു.