ന്യൂഡൽഹി
കോടതികളെ സമീപിക്കാൻ കാലതാമസമുണ്ടായെന്ന് ആരോപിച്ച് പെൻഷൻ കുടിശ്ശിക നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതി. പെൻഷൻ തുടർച്ചയായ പ്രക്രിയ ആയതിനാൽ കാലതാമസം ചൂണ്ടിക്കാട്ടി കുടിശ്ശിക നിഷേധിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ഗോവയിൽ ഒരുവിഭാഗം സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 58 വയസ്സാക്കിയ നടപടി ചോദ്യംചെയ്ത ഹർജിയിലാണ് ഇടപെടൽ. ഗോവ, ദാമൻ ആൻഡ് ദിയു പുനഃസംഘടനാ നിയമപ്രകാരമുള്ള നിയമന തീയതിക്ക്മുമ്പ് സർവീസിൽ ചേർന്നവരാണെന്നും 60 വയസ്സാണ് വിരമിക്കൽ പ്രായമെന്നാണ് വാദം.
ഹർജിക്കാരുടെവാദം അംഗീകരിച്ച ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് അവരുടെ വിരമിക്കൽ പ്രായം 60 വയസ്സാണെന്ന് കണ്ടെത്തി. എന്നാൽ, കോടതിയെ സമീപിക്കാൻ വൈകിയതിനാൽ പെൻഷൻ കുടിശ്ശികയ്ക്ക് അർഹത ഇല്ലെന്ന് ഉത്തരവിട്ടു. ഈ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹർജിക്കാർക്ക് 60 വയസ്സ് തികഞ്ഞ തീയതി മുതൽ പുതുക്കിയ നിരക്കിലുള്ള പെൻഷന് അർഹതയുണ്ടെന്നും കുടിശ്ശിക നാലാഴ്ചയ്ക്കുള്ളിൽ കൊടുത്തുതീർക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.