ന്യൂഡൽഹി
ബിഹാറിൽ നവംബറിൽ ജാതി സെൻസസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ഉടൻ കാബിനറ്റ് യോഗം ഇതിന് അംഗീകാരം നൽകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയിൽ സർവകക്ഷിയോഗത്തിനുശേഷമാണ് നിതീഷ് ഇക്കാര്യം അറിയിച്ചത്. ബിജെപിയടക്കം എല്ലാ പാർടികളും സെൻസസിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. വൻ വിജയമെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് തീരുമാനത്തെ വിശേഷിപ്പിച്ചത്.
വിഷയത്തില്‍ ജെഡിയുവും -ആർജെഡിയും ഒന്നിച്ചതോടെയാണ് തിരിച്ചടി ഭയന്ന് ബിജെപി ജാതി സെൻസസിനെ പിന്തുണച്ചത്. ആർഎസ്എസ് അടക്കം എതിർക്കുന്ന ജാതി സർവേയെ സ്വന്തം പാർടിയിലെ പിന്നാക്ക സമുദായ നേതാക്കൾ പരസ്യമായി അനുകൂലിച്ച് രംഗത്ത് വന്നതോടെ ബിജെപി വെട്ടിലായി. ആഴ്ചകൾക്കുമുമ്പ് നിതീഷിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീരുമാനം തിരിച്ചടിയായി.