ന്യൂഡൽഹി
ജാതി സെൻസസിലെ നിർണായക സർവകക്ഷിയോഗം നടക്കാനിരിക്കെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് തട്ടകമായ ബിഹാറിൽ തിരിച്ചെത്തി.
കാലിത്തീറ്റ കുംഭകോണക്കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയതിനെത്തുടർന്നാണ് മകൾ മിസ ഭാരതിയുടെ ഡൽഹിയിലെ വീട്ടിൽനിന്ന് ബിഹാറിലെത്തിയത്. പട്ന വിമാനത്താവളത്തിൽ ആയിരക്കണക്കിനു പ്രവർത്തകർ സ്വീകരിക്കാനെത്തി. ജാതി സെൻസസിൽ ജെഡിയുവും- ആർജെഡിയും ഒന്നിച്ച് നീങ്ങുന്നതോടെ ബിജെപി വെട്ടിലായ സാഹചര്യത്തിലാണ് ലാലുവിന്റെ വരവ്.
മൂന്നുദിവസത്തേക്ക് എംഎൽഎമാരോട് പട്ന വിടരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശിച്ചു. ചൊവ്വാഴ്ച ചേർന്ന ബിജെപിയുടെ അടിയന്തര പാർലമെന്ററി പാർടി യോഗം ജാതിസെൻസസിനെ താൽക്കാലികമായി പിന്തുണയ്ക്കാൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുണ്ട്.
രാജ്യസഭയിലേക്കുള്ള അഞ്ച് ഒഴിവിൽ രണ്ടുവീതം സീറ്റ് ആർജെഡിക്കും ബിജെപിക്കും ഒരെണ്ണം ജെഡിയുവിനും ജയിക്കാം. മിസ ഭാരതിയും ശരദ് യാദവും ആർജെഡി സ്ഥാനാർഥികളാകും. അതേസമയം, ജെഡിയുവിന്റെ ഏക കേന്ദ്രമന്ത്രിയായ ആർ സി പി സിങ്ങിന് സീറ്റ് നൽകേണ്ടെന്ന് നിതീഷ് തീരുമാനിച്ചതോടെ അദ്ദേഹത്തിന് മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കേണ്ടിവരും.