ന്യൂഡൽഹി
പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കാനുള്ള രാജസ്ഥാൻ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം 2005 മുതൽ സംഭരിച്ച 39,000 കോടി വിട്ടുനൽകില്ലെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി(പിഎഫ്ഡിആർഎ) അറിയിച്ചു.
2004 ജനുവരി ഒന്നിനോ ശേഷമോ നിയമിക്കപ്പെട്ട ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചിരുന്നു. 2004നുശേഷം സമാഹരിച്ച തുക ജനറൽ പ്രൊവിഡന്റ് ഫണ്ടിലേക്ക് (ജിപിഎഫ്) മാറ്റുമെന്നും അറിയിച്ചു. ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കണമെന്നും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പിഎഫ്ഡിആർഎയ്ക്ക് കത്ത് നൽകിയിരുന്നു.
സമാഹരിച്ച തുക സംസ്ഥാനസർക്കാരിന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, 2013ലെ പിഎഫ്ഡിആർഎ ആക്റ്റ്, 2015ലെ പിഎഫ്ഡിആർഎ റെഗുലേഷൻസ് പ്രകാരം നിക്ഷേപം തിരിച്ചുനൽകാൻ വ്യവസ്ഥയില്ലെന്ന് അറിയിച്ചു. ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന് ഒഴിവാകണമെന്ന് തോന്നിയാൽ അത് തടയാൻ പിഎഫ്ഡിആർഎയ്ക്ക് അധികാരമില്ലെന്ന് രാജസ്ഥാൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. പെൻഷൻ സംസ്ഥാനവിഷയമാണെന്നും കേന്ദ്രസർക്കാർ ഇതിൽ ഇടപെടുന്നത് ഫെഡറലിസത്തിന് എതിരാണെന്നും സർക്കാർ പറയുന്നു.