കൊളംബോ
ശ്രീലങ്കയിൽ ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വാഗ്ദാനം തള്ളി പ്രതിപക്ഷം.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും തുടരുന്നതിനിടയിൽ പ്രതിപക്ഷ പാർടിയായ സമാഗി ജന ബലവേഗായ (എസ്ജെബി) നേതാവ് സജിത് പ്രമേദാസയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കാമെന്നായിരുന്നു ഗോതബായയുടെ വാഗ്ദാനം. എന്നാൽ, പ്രേമദാസ ഇത് നിരസിച്ചെന്ന് എസ്ജെബി നേതാവ് ടിസ അത്തനായകെ പറഞ്ഞു.
പ്രസിഡന്റ് ഭരണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ 18 മാസം കാലാവധിയുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാമെന്ന ശ്രീലങ്കൻ ബാർ അസോസിയേഷന്റെ (ബിഎഎസ്എൽ) നിർദേശത്തെ പിന്തുണയ്ക്കുമെന്ന് എസ്ജെബി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന് അമിതാധികാരം നൽകുന്ന 2020ലെ 20–-ാം ഭരണഘടനാ ഭേദഗതി പിൻവലിക്കണമെന്നും പാർലമെന്റിന് പരമാധികാരം നൽകുന്ന 19–-ാം ഭേദഗതി പുനഃസ്ഥാപിക്കണമെന്നുമാണ് ബിഎഎസ്എല്ലിന്റെ ആവശ്യം. മാത്രമല്ല, രജപക്സെമാരുമായി കൈകോർത്തുള്ള സർക്കാരിനെ പിന്തുണയ്ക്കില്ലെന്നും എസ്ജെബി നേരത്തേ പറഞ്ഞിരുന്നു.
രജപക്സെമാരുടെ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) സഖ്യ സർക്കാരിനെതിരെ എസ്ജെബി നൽകിയ അവിശ്വാസപ്രമേയത്തിൽ സ്പീക്കർ മഹിന്ദ യാപ അബിവർധനയ്ക്കുമേൽ സമ്മർദം ചെലുത്തി പ്രസിഡന്റ് ഗോതബായ ചർച്ച വൈകിപ്പിക്കുകയാണ്. നിലവിൽ രണ്ടാമതും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ വലിയ വിമർശമാണ് സർക്കാർ നേരിടുന്നത്.