ന്യൂഡൽഹി> ജഹാംഗിർപുരി കലാപം തടയുന്നതിൽ പൊലീസ് സമ്പൂർണ പരാജയമായെന്ന അതിരൂക്ഷ വിമർശനവുമായി ഡൽഹിയിലെ പ്രാദേശിക കോടതി. അനുമതിയില്ലാതെ നടത്തിയ ഹനുമാൻ ജയന്തി റാലി പൊലീസ് തടയുന്നതുപകരം അവരെ അനുഗമിച്ച് സൗകര്യം ചെയ്തു നൽകിയെന്ന് രോഹിണി അഡീഷണൽ സെഷൻസ് ജഡ്ജി ഗഗൻദീപ് സിംഗ് പറഞ്ഞു.
ജഹാംഗിർപുരി എസ്ഐ രാജീവ് രഞ്ജന്റെ നേതൃത്വത്തിലാണ് റാലിയെ അനുഗമിച്ചത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ പോലീസ് അലംഭാവം കാണിക്കാതിരിക്കാനും നടപടി കൂടിയേ തീരുവെന്ന് കോടതി പറഞ്ഞു.
ഇവർക്കെതിരെ ഉടൻ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താനയ്ക്കും നിർദേശം നൽകി.
അതേസമയം കലാപത്തിൽ പ്രതികളായ എട്ടുപേരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. പ്രതികൾ സ്ഥിരം ക്രിമിനലുകളാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും ഉത്തരവിൽ പറഞ്ഞു. അനുമതിയില്ലാതെ ഏപ്രിൽ 16ന് ബജ്റംഗദൾ, വിഎച്ച്പി പ്രവർത്തകർ നടത്തിയ ഹനുമാൻ ജയന്തി റാലിക്കിടെ മുസ്ലീം ദേവാലയം ആക്രമിക്കപ്പെട്ടതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മുൻ നിശ്ചയിച്ച വഴിക്ക് പകരം ഗലികൾക്കുള്ളിലൂടെ സി ബ്ലോക്കിൽ എത്തിയതോയെടാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അതിനിടെ വർഗീയ സംഘർഷത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായതോടെ പിടിയിലായവരുടെ എണ്ണം 36 ആയി. ഇതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്.