മുംബൈ
സ്പിന്നർമാരുടെ കരുത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 8–-173ൽ ഒതുക്കി ചെന്നൈ സൂപ്പർ കിങ്സ്. മൂന്ന് വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റുമായി മൊയീൻ അലിയുമാണ് കരുത്തുറ്റ ബാംഗ്ലൂർ ബാറ്റിങ്നിരയെ തളച്ചത്. 27 പന്തിൽ 42 റണ്ണടിച്ച മഹിപാൽ ലൊംററാണ് ബാംഗ്ലൂരിന്റെ ടോപ്സ്കോറർ. ദിനേശ് കാർത്തിക് (17 പന്തിൽ 26) പുറത്താകാതെ നിന്നു.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ബൗളിങ് തെരഞ്ഞെടുത്തു. എന്നാൽ, ചെന്നൈയുടെ പ്രതീക്ഷകൾ കെടുത്തി ബാംഗ്ലൂരിനായി വിരാട് കോഹ്ലിയും (33 പന്തിൽ 30) ഫാഫ് ഡു പ്ലെസിസും (22 പന്തിൽ 38) മികച്ച തുടക്കം ഒരുക്കി. ഓപ്പണിങ് വിക്കറ്റിൽ 62 റൺ പിറന്നു. ഇരുവരെയും പുറത്താക്കി മൊയീൻ അലി ചെന്നൈയെ കളിയിൽ തിരികെയെത്തിച്ചു. ഗ്ലെൻ മാക്സ്വെൽ (3) റണ്ണൗട്ടായതോടെ ബാംഗ്ലൂർ വിറച്ചു. എന്നാൽ, മഹിപാൽ അവരെ കാത്തു.















