കൊളംബോ
സർക്കാർ ദുർവ്യയം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് പാർലമെന്റിൽ സമ്മതിച്ച് ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി. 2021ൽ ഒന്നരലക്ഷം കോടി ശ്രീലങ്കൻ രൂപ വരവുണ്ടായിരുന്ന രാജ്യം 3.52 ലക്ഷം കോടി ചെലവ് ചെയ്തു–- വരവിന്റെ രണ്ടര ഇരട്ടി. കൊക്കിലൊതുങ്ങാത്തത് കൊത്തുന്ന നടപടിയായിരുന്നു അതെന്നും മന്ത്രി ബുധനാഴ്ച ആരംഭിച്ച പാർലമെന്റ് യോഗത്തിലെ പ്രത്യേക പ്രസ്താവനയിൽ തുറന്നുപറഞ്ഞു.
‘സാമ്പത്തികപ്രതിസന്ധി പൂർണമായും പരിഹരിക്കാൻ വർഷങ്ങളെടുക്കും. നികുതി കുറയ്ക്കേണ്ടിയിരുന്നപ്പോൾ മറിച്ച് തീരുമാനിച്ചത് തെറ്റായി. മറ്റ് രാജ്യങ്ങൾക്ക് രാജ്യത്തിന്റെ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാനായിട്ടില്ല.’– -സാബ്രി പറഞ്ഞു. നിലവിലുള്ള ബജറ്റ് യാഥാർഥ്യബോധമുള്ളതല്ലെന്ന് സമ്മതിച്ച അദ്ദേഹം പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നപ്പോൾ പ്രസിഡന്റ് ഗോതബായ രജപക്സെക്ക് ഇളയ സഹോദരനായ ധനമന്ത്രി ബേസിലിനെ പുറത്താക്കേണ്ടി വന്നിരുന്നു. തുടർന്നാണ് അലി സാബ്രി ധനമന്ത്രിയായത്. ചൊവ്വാഴ്ച പ്രധാന പ്രതിപക്ഷ പാർടിയായ എസ്ജെബി സർക്കാരിനും പ്രസിഡന്റിനുമെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. നോട്ടീസ് നല്കി ഏഴുദിവസത്തിനകം പ്രമേയം ചര്ച്ചയ്ക്കെടുക്കണം