സന്തോഷ് ട്രോഫിയിൽ ഏഴാംതവണയും കേരളം ജേതാക്കളായി. ആദ്യകിരീടം നേടിയിട്ട് അരനൂറ്റാണ്ടാകുന്നു. 1973ലായിരുന്നു ആദ്യവിജയം. അന്ന്, ഡിസംബർ 27ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ റെയിൽവേസിനെ 3–-2ന് വീഴ്ത്തിയായിരുന്നു ചരിത്രനേട്ടം. ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കായിരുന്നു സവിശേഷത. ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് പരിശീലിപ്പിച്ച ടീമിൽ 26 താരങ്ങളായിരുന്നു. കേരളത്തിന് ആദ്യകിരീടം സമ്മാനിച്ച കളിക്കാർ, അവരുടെ ജീവിതം… മണിയടക്കം ഏഴുപേർ ഇന്നു ജീവിച്ചിരിപ്പില്ല.
കൊച്ചി
പ്രതിരോധക്കാരനായിരുന്നു പി പി പൗലോസ്. കേരളത്തിന്റെയും പ്രീമിയർ ടയേഴ്സിന്റെയും വിശ്വസ്തൻ. സന്തോഷ് ട്രോഫിയിലെ ആദ്യകിരീടവിജയത്തിൽ പ്രധാനി. എട്ടു ടൂർണമെന്റുകളിൽ കേരളത്തിനായി പന്തുതട്ടി. ആറുതവണ ഇന്ത്യൻ ക്യാമ്പിലും എത്തി. കളത്തിൽ മഹാനേട്ടങ്ങൾ എത്തിപ്പിടിച്ച എഴുപത്തിരണ്ടുകാരൻ ഇന്നു ജീവിക്കുന്നത് 912 രൂപ പെൻഷൻതുകയ്ക്ക്! പ്രീമിയർ ടയേഴ്സിൽനിന്ന് പിരിഞ്ഞശേഷമുള്ള പ്രതിമാസവരുമാനം.
ഹൃദ്രോഗികൂടിയായ പൗലോസിന്റേത് ഒറ്റപ്പെട്ട അനുഭവമല്ല. അന്ന് ടീമിലുണ്ടായിരുന്ന പത്തോളം താരങ്ങൾ ഇത്രയും തുച്ഛമായ പെൻഷൻതുക ആശ്രയിച്ചാണ് ജീവിക്കുന്നത്. മൂന്നുപേർക്ക് സ്വന്തമായി വീടില്ല. ചിലർ രോഗികളാണ്. പ്രീമിയർ ടയേഴ്സ്, ഫാക്ട്, ടൈറ്റാനിയം ടീമുകളിലായിരുന്നു ഇവരെല്ലാം. ജോലിക്കാലത്ത് വരുമാനത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം സുഖകരമായിരുന്നു. പക്ഷേ, വിരമിച്ചശേഷം ചെറിയ പെൻഷൻ തുകമാത്രമായി. ഇതോടെ ജീവിതം പ്രതിസന്ധിയിലായി. പലരും കുടുംബത്തിന്റെ തണലിലാണ് കഴിയുന്നത്.
ക്യാപ്റ്റൻ മണി, കെ പി രത്നാകരൻ, കെ വി ഉസ്മാൻകോയ, സി ചേക്കു, ജോൺ കെ ജോൺ, ആർ കെ പെരുമാൾ, ബി ദേവാനന്ദ് എന്നീ ഏഴുപേരാണ് വിടവാങ്ങിയത്. ഇതിൽ ദേവാനന്ദ് കഴിഞ്ഞമാസമായിരുന്നു മരിച്ചത്.
1973ലെ സന്തോഷ് ട്രോഫി
കേരള ടീം
ക്യാപ്റ്റൻ മണി, കെ പി രത്നാകരൻ, കെ വി ഉസ്മാൻകോയ, സി ചേക്കു, ജോൺ കെ ജോൺ, ആർ കെ പെരുമാൾ, ബി ദേവാനന്ദ് (ഏഴുപേരും ജീവിച്ചിരിപ്പില്ല).
ടി എ ജാഫർ, സി സി ജേക്കബ്, വിക്ടർ മഞ്ഞില, സേവ്യർ പയസ്, രവീന്ദ്രൻനായർ, എം ആർ ജോസഫ്, ടൈറ്റസ് കുര്യൻ, ഡോ. ബഷീർ, ബാബുനായർ, പി പി പ്രസന്നൻ, എം മിത്രൻ, ബ്ലസി ജോർജ്, പി പി പൗലോസ്, കെ പി വില്യംസ്, കെ പി സേതുമാധവൻ, എം ഒ ജോസ്, എൻ കെ ഇട്ടി മാത്യു, നജുമുദീൻ, പി പി ഹമീദ്.