ചാരുംമൂട്
ചാരുംമൂട്ടിലെ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫീസിനടുത്ത് സിപിഐ സ്ഥാപിച്ച കൊടിമരം കോൺഗ്രസുകാർ പിഴുതെറിഞ്ഞ് കൊടി കത്തിച്ചു. കോൺഗ്രസ് ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ രണ്ട് വനിതാ പൊലീസുകാർക്കുൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. പുറംപോക്കിൽ സ്ഥാപിച്ച കോൺഗ്രസ് ഓഫീസിനും കേടുപാടുണ്ടായി.
ബുധൻ വൈകിട്ട് 4.30നാണ് സംഘർഷങ്ങൾക്ക് തുടക്കം. തങ്ങളുടെ ഓഫീസിന് സമീപം സിപിഐ കൊടിമരം അനുവദിക്കില്ലെന്ന് പറഞ്ഞാണ് കോൺഗ്രസുകാർ അത് പിഴുതിട്ടത്. ഈ കൊടിമരം സിപിഐ പ്രവർത്തകർ മാറ്റി സ്ഥാപിച്ചിരുന്നു. അവിടെയും അനുവദിക്കില്ലെന്ന നിലപാടെടുത്ത കോൺഗ്രസ് ചെങ്ങന്നൂർ ആർഡിഒയ്ക്ക് പരാതിയും നൽകി.
കൊടിമരം മാറ്റാൻ കോൺഗ്രസുകാരും സംരക്ഷിക്കാൻ സിപിഐ പ്രവർത്തകരുമെത്തിയതോടെ സംഘർഷാവസ്ഥയായി. സിപിഐ പ്രവർത്തകരെ നൂറനാട് സി ഐ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസുകാർ കൊടിമരം പിഴുതിടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി.
ചെങ്ങന്നൂർ ഡിവൈഎസ്പി ഇരു കക്ഷികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊടിമരം നീക്കാതെ ചർച്ചയില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു. ഇതോടെ പുറംപോക്കിലെ കോൺഗ്രസ് ഓഫീസും കൊടിമരങ്ങളും നീക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. രാത്രി എട്ടിന് മാവേലിക്കര തഹസീൽദാർ സന്തോഷ് കുമാർ സ്ഥലത്തെത്തി കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തുടർന്ന് മുദ്രാവാക്യം വിളികളും കല്ലേറുമുണ്ടായി.
Caption : കോൺഗ്രസുകാർ സിപിഐ കൊടിമരം നീക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തി വീശുന്നു
Highlights : കല്ലേറിൽ 25 പേർക്ക് പരിക്ക്