കോപൻഹേഗൻ
ആധുനികകാലത്തെ പ്രശ്നങ്ങളിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ ഐക്യരാഷ്ട്ര സംഘടനയെ ഉടച്ചുവാർക്കണമെന്ന് ഡെൻമാർക്കിൽ ചേർന്ന രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടി ആവശ്യപ്പെട്ടു. ഉക്രയ്ൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ ‘യുഎൻ നവീകരണം’ അനിവാര്യമായിത്തീർന്നെന്നും രക്ഷാസമിതിയിലടക്കം മാറ്റംവേണമെന്നും ആവശ്യപ്പെട്ടു. ഉച്ചകോടിക്കുശേഷം ഇന്ത്യ, ഫിൻലൻഡ്, ഐസ്ലൻഡ്, സ്വീഡൻ, നോർവേ, ഡെന്മാർക്ക് പ്രധാനമന്ത്രിമാർ സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് ആവശ്യം.
‘ഉക്രയ്നുമേലുള്ള റഷ്യൻ ആക്രമണത്തെയും അവിടെ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെയും അപലപിക്കുന്നു. യുഎൻ ചാർട്ടറും അന്താരാഷ്ട്ര നിയമവും ആസ്പദമാക്കിയുള്ള ലോകക്രമം തുടരുന്നെന്ന് ഉറപ്പാക്കണം. ഇതിനായി യുഎന്നിനെയും രക്ഷാസമിതിയെയും കൂടുതൽ ഫലപ്രദവും സുതാര്യവുമാക്കണം.
മഹാമാരി പ്രതിരോധത്തിലടക്കം കൂടുതൽ സഹകരണം ഉറപ്പാക്കണം. ലോകവ്യാപാര സംഘടനയെയും നവീകരിക്കണം’–- പ്രസ്താവന ആവശ്യപ്പെട്ടു. രക്ഷാസമിതിയിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ഉച്ചകോടിയിൽ പങ്കടുത്ത മറ്റു രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.
ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. നേരത്തേ ഡെൻമാർക്ക് രാജ്ഞി മാർഗരത്ത് –-രണ്ടുമായും കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കുശേഷം പാരിസിലെത്തിയ മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തും.