കൊച്ചി
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കുറച്ചു മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാക്കാൻ ആലോചന. നിലവിൽ കൊച്ചി നെഹ്റു സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. സന്തോഷ് ട്രോഫിക്കായി നിറയുന്ന കാണികളുടെ സാന്നിധ്യമാണ് ഐഎസ്എൽ സംഘാടകരെയും ബ്ലാസ്റ്റേഴ്സിനെയും പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. ഒക്ടോബറിലാണ് പുതിയ ഐഎസ്എൽ സീസൺ.
സ്പോർട്സ് മന്ത്രി വി അബ്ദുറഹ്മാന്റെ ക്ഷണപ്രകാരം ക്ലബ്ബിന്റെയും ഐഎസ്എല്ലിന്റെയും പ്രതിനിധികൾ പയ്യനാട് സ്റ്റേഡിയം സന്ദർശിച്ചു. മൈതാനവും ഫ്ലഡ്ലിറ്റും സ്റ്റേഡിയവും പരിശോധിച്ചു. നിലവിൽ കാൽലക്ഷത്തോളംപേർക്ക് കളികാണാം. ഭാവിയിൽ അരലക്ഷംപേർക്ക് ഇരിപ്പിടമൊരുക്കാനാണ് ആലോചന. 25 ഏക്കറിലാണ് സ്റ്റേഡിയമുള്ളത്. ഗ്യാലറി വിപുലീകരിക്കുകയും പരിശീലന മൈതാനം ഒരുക്കാനുമുള്ള വിപുലമായ പദ്ധതി സർക്കാർ പരിഗണനയിലാണ്. മറ്റ് കളികൾക്കുള്ള സൗകര്യങ്ങളും ഒരുക്കും.
ഐഎസ്എല്ലിന് മുന്നൊരുക്കമെന്നോണം അടുത്തമാസം ബ്ലാസ്റ്റേഴ്സും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമും പ്രദർശനമത്സരത്തിനിറങ്ങും. മെയ് രണ്ടാംവാരത്തിലാകും കളി. ബ്ലാസ്റ്റേഴ്സിൽ വിദേശതാരങ്ങൾ ഉണ്ടാകില്ല.














