മഞ്ചേരി
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ആദ്യ സെമിയിൽ കേരളം ഇന്ന് കർണാടകയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് കളി. നിറഞ്ഞ ഗ്യാലറിയുടെ പിന്തുണയോടെയാകും കേരളം ഫൈനൽ ലക്ഷ്യമിട്ട് പന്ത് തട്ടുക. മധ്യനിരയെ വിശ്വസിച്ചാണ് കേരള പരിശീലകൻ ബിനോ ജോർജ് കളിതന്ത്രങ്ങൾ മെനയുക. കർണാടകയുടെ വിങ്ങിലൂടെ മുന്നേറ്റം ചെറുക്കാനുള്ള വെടിക്കോപ്പുകൾ ഒരുക്കണം. മുന്നേറ്റത്തിൽ ഒരാളെമാത്രം നിയോഗിച്ച് മധ്യനിരയിൽ കരുത്തുകൂട്ടാനാകും ശ്രമം. കേരളത്തിന്റെ മുന്നേറ്റക്കാർക്ക് ഇതുവരെ ഗോൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആ കുറവ് പരിഹരിക്കുന്നത് മധ്യനിരയാണ്.
പിന്നിലേക്ക് ഇറങ്ങി പ്രതിരോധത്തെ സഹായിക്കാനും മുന്നിലേക്ക് കയറി ഗോൾ കണ്ടെത്താനും സജ്ജരാണ്. നായകൻ ജിജോ ജോസഫ് അഞ്ചു ഗോളടിച്ച് ടീമിനെ മുന്നിൽനിന്ന് നയിക്കുന്നു. നാലു ദിവസത്തെ വിശ്രമം കിട്ടിയതും കേരളത്തിന് ആശ്വാസമായിട്ടുണ്ട്. ഗോൾ കീപ്പർ വി മിഥുനും പ്രതിരോധക്കാരൻ അജയ് അലക്സുമെല്ലാം പരിക്കിൽനിന്ന് മോചിതരായി ആദ്യ പതിനൊന്നിൽ ഇടംപിടിക്കും.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ടീം ഇറങ്ങുന്നതെന്നും എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും കേരള പരിശീലകൻ ബിനോ ജോർജും നായകൻ ജിജോ ജോസഫും പറഞ്ഞു.
ആക്രമണമാണ് കർണാടകയുടെ ആയുധം. പ്രതിരോധത്തിൽ ഊന്നിയുള്ള കളിയില്ല. ഗുജറാത്തിനെതിരായ അവസാനകളിയിൽ അവർ എതിരാളികളുടെ ബോക്സിലേക്ക് ഇരച്ചുകയറുകയായിരുന്നു. മുന്നേറ്റക്കാരൻ സുധീർ കൊട്ടികേല നാലു ഗോളടിച്ചു.
പരിശീലകൻ ബിബി തോമസിനെ കൂടാതെ നാല് മലയാളികൾ ടീമിലുണ്ട്. പ്രതിരോധതാരം എസ് സിജു, മധ്യനിരക്കാരായ പി ടി മുഹമ്മദ് റിയാസ്, ബാവു നിഷാദ്, ഗോൾ കീപ്പർ കെവിൻ കോശി എന്നിവരാണ് മലയാളിക്കരുത്ത്.














