ന്യൂഡൽഹി
എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപ്പന(ഐപിഒ)യ്ക്ക് കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമായും 29 കോടിയോളം പോളിസിഉടമകൾ കൈയാളുന്ന അമൂല്യമായ ആസ്തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത് കൈമാറാനാണ് ശ്രമം. രാഷ്ട്രനിർമാണത്തിന് സംഭാവന നൽകാനാകുന്ന സ്വകാര്യകമ്പനികളെ ദേശസാൽക്കരിച്ചാണ് ഇൻഷുറൻസ് മേഖലയിൽ സവിശേഷ സ്ഥാനം നേടിയ എൽഐസി രൂപീകരിച്ചത്. സമ്പാദ്യവും അടിയന്തരസാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലും കൂട്ടിയിണക്കിയുള്ള ഉൽപ്പന്നം എൽഐസി ഇറക്കിയത് ജനങ്ങൾ സ്വീകരിച്ചു; ബിസിനസ് വൻതോതിൽ വളർന്നു. കേന്ദ്രം അഞ്ചുകോടി രൂപ നിക്ഷേപിച്ച സ്ഥാനത്ത് ഇപ്പോൾ എൽഐസിയുടെ മൊത്തം ഫണ്ട് 34 ലക്ഷം കോടി രൂപയാണ്.
പോളിസിഉടമകളുടെ ട്രസ്റ്റ് എന്നതിൽനിന്ന് പരമാവധി ലാഭം കൊയ്യാനായി പ്രവർത്തിക്കുന്ന കമ്പനിയാക്കി എൽഐസിയെ മാറ്റാനാണ് ശ്രമം. എൽഐസി ഓഹരിവിൽപ്പന എന്നതിന്റെ അർഥം പോളിസി ഉടമകളിലേക്ക് ഭാവിയിൽ എത്തിച്ചേരുന്ന വരുമാനത്തിന്റെ വിൽപ്പന എന്നതാണ്. ഐപിഒയുടെ പ്രത്യാഘാതം പോളിസിഉടമകളോട് വിശദീകരിച്ചിട്ടില്ല.
എൽഐസിയുടെ എംബഡഡ് മൂല്യം(ഭാവി ഓഹരിഉടമകൾ കമ്പനിക്ക് കൽപ്പിക്കുന്ന മൂല്യം) 5.40 ലക്ഷം കോടി രൂപയായി നിശ്ചയിച്ചു. ഓഹരികളുടെ യഥാർഥമൂല്യം രണ്ടരമുതൽ മൂന്ന് മടങ്ങുവരെയായി വർധിക്കുമെന്ന് രണ്ട് മാസംമുമ്പ് കരുതിയതാണ്. എന്നാൽ, വിദേശനിക്ഷേപകരുടെ സമ്മർദത്തിനു വഴങ്ങി ഈ ഗുണനഘടകം 1.1 ആയി കേന്ദ്രസർക്കാർ ഇടിച്ചുതാഴ്ത്തി. ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഇൻഷുറൻസ് സ്ഥാപനമാണിത്. ലക്ഷത്തോളം ജീവനക്കാരുണ്ട്, 14 ലക്ഷം ഏജന്റുമാരും. കഴുകൻകണ്ണുകളോടെ എത്തുന്ന രാജ്യാന്തരനിക്ഷേപകരുടെ താൽപ്പര്യത്തിനു വഴങ്ങി എൽഐസിയുടെ മൂല്യം ഇടിച്ചുകാണിക്കുന്നത് തികച്ചും അധാർമികവും ധനക്രമക്കേടുമാണ്. സ്ഥാപനത്തിന്റെ ഓഹരിവിൽപ്പനയെ പിബി തത്വത്തിൽ എതിർക്കുന്നു.
യഥാർഥമൂല്യം ഏകപക്ഷീയമായി കുറച്ചുകാണിക്കുന്നത് അതിലേറെ അപലപനീയം. ഓഹരിവിൽപ്പന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും പോളിസിഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തിന് സിപിഐ എം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐപിഒയെ എല്ലാ മാർഗത്തിലും ചെറുക്കാൻ പിബി ആഹ്വാനം ചെയ്തു.