ന്യൂഡൽഹി
ഇന്ധന വിലവർധന, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങളിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയ സംഘർഷങ്ങളെ ആയുധമാക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വർഗീയതയ്ക്കെതിരായ പോരാട്ടം ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ നടക്കുന്ന സമരവുമായി ഒത്തുകൊണ്ടുപോകണം. ജഹാംഗിർപുരിയിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ബിജെപി– -ആർഎസ്എസ് നേതൃത്വത്തിലുള്ള വ്യാപക കടന്നാക്രമണങ്ങൾക്കെതിരെ ജന്തർ മന്ദറിൽ ഇടതുപക്ഷ പാർടികൾ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ജഹാംഗിർപുരിയിൽ ബജ്റംഗദൾ, വിശ്വഹിന്ദു പരിഷത്ത് സംഘടനകൾ നടത്തിയ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ സി ബ്ലോക്കിൽ ആസൂത്രിതമായാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. നോമ്പു തുറക്കൽ സമയത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി എത്തിയ സംഘം പള്ളി വളയുകയായിരുന്നെന്നും അവർ പറഞ്ഞു.
സിപിഐ ദേശീയ സെക്രട്ടറി അമർജീത് കൗർ, സിപിഐ എംഎൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി പാർടികളാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്.