ന്യൂഡൽഹി
ജഹാംഗിർപുരിയിലെ ന്യൂനപക്ഷങ്ങളുടെ വീടും കടകളും തകർത്ത ബിജെപിയുടെ ബുൾഡോസറുകളുടെ അടുത്ത ലക്ഷ്യം പൗരത്വ പ്രക്ഷോഭങ്ങളുടെ തീച്ചൂളയായിരുന്ന ഷഹീൻബാഗ്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള ഷഹീൻബാഗിലെ കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരിലാണ് ബിജെപി ഭരിക്കുന്ന ദക്ഷിണ ഡൽഹി കോർപഷേന്റെ നീക്കം.
ബിജെപി സംസ്ഥാനാധ്യക്ഷൻ അദേഷ് ഗുപ്തയുടെ കത്ത് ആയുധമാക്കിയാണ് അടുത്ത കോപ്പുകൂട്ടലും. മദൻപുർ ഖദർ, ജസോല, സരിത വിഹാർ, ശ്രീനിവാസ്പുരി എന്നിവിടങ്ങളിലും മേയർ മുകേഷ് സൂര്യന്റെ നേതൃത്വത്തിൽ ‘കൈയേറ്റങ്ങൾ’ കണ്ടെത്തി. ഇതിൽ കോർപറേഷൻ രേഖകൾ ഉള്ളവരുമുണ്ട്. രോഹിൻഗ്യൻ അഭയാർഥികൾ താമസിക്കുന്ന ജസോലയിലെ വാസസ്ഥലങ്ങളും ഇടിച്ചുനിരത്തും.
കിഴക്കൽ ഡൽഹി കോർപറേഷൻ രോഹിണി സെക്ടർ ഏഴിലെ 32 കടയുടെ മുൻവശത്തുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കി. കൈയേറ്റങ്ങൾ ഒഴിപ്പിക്കാനിറങ്ങിയ മേയർ മുകേഷ് സൂര്യന്റെ വീട് അനധികൃത നിർമാണമാണെന്ന് ആം ആദ്മി പാർടി ചൂണ്ടിക്കാട്ടി.