ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പു പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ മെയ് അഞ്ചിന് സുപ്രീംകോടതി അന്തിമവാദം കേൾക്കും. റിട്ട. മേജർ ജനറൽ വൊമ്പത്ഖേർ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നിവരുടെ റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
രണ്ടു ദിവസത്തിനകം കേന്ദ്രസർക്കാരിന്റെ എതിർ സത്യവാങ്മൂലം നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേസ് വീണ്ടും മാറ്റാനാകില്ലെന്നും അഞ്ചിന് പൂർണമായും വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ ഹർജി സ്വീകരിച്ചപ്പോൾ, മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ തുടങ്ങിയവരെ അടിച്ചമർത്താൻ ബ്രിട്ടീഷുകാരുപയോഗിച്ച കൊളോണിയൽനിയമം സ്വാതന്ത്ര്യത്തിന്റെ 75–-ാം വർഷത്തിലും തുടരണോയെന്ന് കോടതി ചോദിച്ചിരുന്നു.