ന്യൂഡൽഹി
ഗാർഹിക പീഡനം തടയാനും അതിജീവിതകളെ സംരക്ഷിക്കാനുമുള്ള പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കാനും അങ്കണവാടി, ആശാ വർക്കർമാരെ നിയമിച്ചുകൂടേയെന്ന് സുപ്രീംകോടതി. പ്രൊട്ടക്ഷൻ അസിസ്റ്റന്റുമാരായി ഇവരെ നിയമിച്ചാൽ അതിജീവിതയ്ക്ക് വേഗം സഹായം ലഭിക്കുമെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ജില്ലാതല പ്രൊട്ടക്ഷൻ ഓഫീസർമാരുടെ നിയമനം, പുനരധിവാസം തുടങ്ങിയവ നടപ്പാക്കാൻ മാർഗനിർദേശമിറക്കണമെന്ന ഹർജിയിൽ വാദംകേൾക്കുകയായിരുന്നു കോടതി.
‘വീ ദ് വുമൺ ഓഫ് ഇന്ത്യ’ നൽകിയ ഹർജിയിൽ 12 സംസ്ഥാനം സത്യവാങ്മൂലം നൽകി. സംഘടനയ്ക്കായി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത കേരള സർക്കാർ 14 ജില്ലയിലും പ്രൊട്ടക്ഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ചതും മൂന്നുവീതം സ്റ്റാഫിനെ നിയമിച്ചതും ചൂണ്ടിക്കാട്ടി. കേസ് വെള്ളിയാഴ്ച പരിഗണിക്കും.