തിരുപ്പതി
ആംബുലൻസിന് കൊടുക്കാൻ പണമില്ലാത്തതിനാൽ ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ പത്തുവയസ്സുകാരന്റെ മൃതദേഹം അച്ഛൻ കൊണ്ടുപോയത് ബൈക്കിൽ. മകന്റെ മൃതദേഹവും തോളിലെടുത്ത് ബൈക്കിന് പിന്നിലിരുന്ന് 90 കിലോമീറ്ററോളം സഞ്ചരിച്ചാണ്
കർഷകനായ നരസിംഹുലു സ്വന്തം ഗ്രാമത്തിലെത്തിയത്.
തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ തിങ്കൾ പുലർച്ചെയാണ് പത്ത് വയസ്സുകാരനായ ജസ്വ മരിച്ചത്. സ്വകാര്യ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ 20000 രൂപ ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ നരസിംഹുലുവിനെ ഡ്രൈവർമാർ മർദിച്ചു. തുടർന്നാണ് മകന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആശുപത്രി അധികൃതരോട് സർക്കാർ റിപ്പോർട്ട് തേടി. നാല് ആംബുലൻസ് ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.