ന്യൂഡൽഹി
രാജ്യത്തെ അഞ്ച് കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മെയ് 16ന് ഡൽഹി ഹർകിഷൻസിങ് സുർജിത് ഭവനിൽ അഖിലേന്ത്യ കൺവൻഷൻ ചേരും. കേന്ദ്ര സർക്കാരും ഭൂരിഭാഗം സംസ്ഥാന സർക്കാരുകളും പിന്തുടരുന്ന കോർപറേറ്റ് നയത്താൽ കർഷകതൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാകുന്നതിലാണ് കൺവൻഷൻ ചേരുന്നതെന്ന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ വിജയരാഘവൻ, ജനറൽ സെക്രട്ടറി ബി വെങ്കട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബികെഎംയു (ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ) ഓഫീസിൽ ചേർന്ന കർഷകത്തൊഴിലാളി സംഘടനകളുടെ യോഗമാണ് കൺവൻഷൻ വിളിക്കാൻ തീരുമാനിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള ശ്രമം കോവിഡ്കാലത്തും കേന്ദ്രസർക്കാർ തുടരുകയാണ്.
തൊഴിലെടുക്കുന്ന ചിത്രം ദിവസം രണ്ടുതവണ അപ്ലോഡ് ചെയ്യേണ്ട ദേശീയ മൊബൈൽ നിരീക്ഷണ സംവിധാന ആപ് ഇതിന്റെ ഭാഗമാണ്. നിർധനരായ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതാണ് ഇത്. വിദൂരഗ്രാമങ്ങളിൽ ഇത് നടപ്പാക്കാൻ സാങ്കേതികപ്രശ്നമുണ്ട്. ബജറ്റിൽ തൊഴിലുറപ്പ് പദ്ധതിവിഹിതം വെട്ടിക്കുറച്ചിരുന്നു.
പൊതുവിതരണ സമ്പ്രദായവും കേന്ദ്രം തകർക്കുന്നു. ആഗോള പട്ടിണിസൂചികയിൽ രാജ്യം 101–-ാം സ്ഥാനത്താണ്. ഇത്തരം വിഷയങ്ങളിൽ ഭാവിപോരാട്ടത്തിന് അവകാശപത്രിക തയ്യാറാക്കാനാണ് കൺവൻഷനെന്നും നേതാക്കൾ പറഞ്ഞു. ഗുൽസാർസിങ് ഗൊറിയ, വി എസ് നിർമൽ (ബികെഎംയു), ധീരേന്ദ്രർ ഝാ (എഐഎആർഎൽഎ), കർണൈൽസിങ് (എഐഎസ്കെഎസ്), ധർമേന്ദർ (എഐഎകെഎസ്യു) എന്നിവർ പങ്കെടുത്തു.