തൃശൂർ> ബാങ്കുകളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന ആഹ്വാനത്തോടെ, തൃശൂരിൽ ചേർന്ന ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന സമ്മേളനം സമാപിച്ചു. ഷാജു ആന്റണിയെ (ഫെഡറൽ ബാങ്ക്) പ്രസിഡന്റായും എൻ സനിൽ ബാബുവിനെ (കനറാ ബാങ്ക്) ജനറൽ സെക്രട്ടറിയായും തൃശൂരിൽ ചേർന്ന ബിഇഎഫ്ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ് അനിൽ (എച്ച്ഡിഎഫ്സി ബാങ്ക്) ട്രഷറായും സി മിഥുൻ (കേരള ഗ്രാമീൺ ബാങ്ക്) സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സജി വർഗീസ് (എസ്ബിഐ), കെ ടി അനിൽകുമാർ (കേരള ബാങ്ക്), ജി സതീഷ് (ബാങ്ക് ഓഫ് ബറോഡ), എൻ മീന (കേരള ഗ്രാമീൺ ബാങ്ക്), കെ ആർ ഉണ്ണികൃഷ്ണൻ (യൂണിയൻ ബാങ്ക്), എൽ സിന്ധുജ (കേരള ബാങ്ക്), കെ ഹരികുമാർ (കനറാ ബാങ്ക്) എന്നിവർ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുത്തു. എൻ എൽ പ്രേമലത (എസ്ബിഐ), എസ് ബി എസ് പ്രശാന്ത് (റിസർവ് ബാങ്ക്), ജെറിൻ കെ ജോൺ (സിഎസ്ബി ബാങ്ക്), അമൽ രവി (എസ്ബിഐ), ബിഗേഷ് ഉണ്ണിയൻ (കേരള ഗ്രാമീൺ ബാങ്ക്), പി എച്ച് വിനിത (ഫെഡറൽ ബാങ്ക്), കെ പി ഷാ (കേരള ബാങ്ക്) ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കുക, ബാങ്ക് ശാഖകളിൽ അടിസ്ഥാന സേവനങ്ങൾ വിപുലപ്പെടുത്തുക, പുത്തൻ സാങ്കേതിക വിദ്യകളെ ജനോപകാരമായി വിനിയോഗിക്കുക, ആവശ്യമായ നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുക, ദിവസ വേതനക്കാരേയും കരാർ ജീവനക്കാരേയും കളക്ഷൻ ഏജന്റുമാരേയും സ്ഥിരപ്പെടുത്തുക, കേരള ബാങ്ക് ജീവനക്കാരുടെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുക, കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ ബാങ്കുകളും ജീവനക്കാരും അണിചേരുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, എൻപിഎസ് പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, വർഗീയത ചെറുക്കുക, മതനിരപേക്ഷ നിലപാടുകൾ ശക്തിപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വിവിധ ബാങ്ക് യൂണിയനുകളേയും ജില്ലാ കമ്മിറ്റികളേയും പ്രതിനിധീകരിച്ച് 61 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു.