താൽക്കാലിക നിയമനത്തിന് പകരം മറ്റൊരു താൽക്കാലിക നിയമനം നിയമവിരുദ്ധം
പ്രത്യേക ലേഖകൻ
ന്യൂഡൽഹി
താൽക്കാലിക ജീവനക്കാരനുപകരം മറ്റൊരു താൽക്കാലിക ജീവനക്കാരനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി. സ്ഥിരം ജീവനക്കാരൻ വരുമ്പോൾ താൽക്കാലിക ജീവനക്കാരനെ മാറ്റാമെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വരറാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മധ്യപ്രദേശിലെ ഗസ്റ്റ് അധ്യാപകർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
‘ജൻ ഭഗീരഥി പദ്ധതി’ പ്രകാരം മധ്യപ്രദേശിൽ നിയമിക്കപ്പെടുന്ന ഗസ്റ്റ് അധ്യാപകരെ ഓരോ വർഷവും മാറ്റും. അക്കാദമിക് വർഷത്തിന്റെ അവസാനം ഇവരെ ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിനെതിരെ ഗസ്റ്റ് അധ്യാപകർ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സ്ഥിരം നിയമനം നടക്കുന്നതുവരെ ഇവരെ സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് സിംഗിൾബെഞ്ച് വിധിച്ചു. സംസ്ഥാനത്തിന്റെ അപ്പീലിന്മേൽ ഹൈക്കോടതി വിധി അസാധുവാക്കി.
സിംഗിൾ ബെഞ്ചിന്റെ വിധി സുപ്രീംകോടതി അംഗീകരിച്ചു. എന്നാൽ, ഗസ്റ്റ് അധ്യാപകർക്ക് യുജിസി വേതനഘടന ഉറപ്പാക്കണമെന്ന ഹൈക്കോടതി നിർദേശം സുപ്രീംകോടതി ഒഴിവാക്കി.