തിരുവനന്തപുരം
രക്ഷാപ്രവർത്തനത്തിനിടെ പമ്പയാറ്റിൽ മുങ്ങിമരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് സെക്രട്ടറിയറ്റ് അസിസ്റ്റന്റായി നിയമനം. ഫയർഫോഴ്സ് സ്കൂബ ടീം അംഗവും പത്തനംതിട്ട യൂണിറ്റിലെ ഉദ്യോഗസ്ഥനുമായിരുന്ന ആർ ആർ ശരത്തിന്റെ ഭാര്യ അഖിലയ്ക്കാണ് സെക്രട്ടറിയറ്റ് അസിസ്റ്റന്റായി നിയമനം നൽകിയത്.
‘‘ ഒത്തിരി നന്ദിയുണ്ട്. നല്ല തസ്തിക നൽകി സർക്കാർ സഹായിച്ചു’ –-അഖില പറഞ്ഞു. ‘‘സർക്കാരിനോട് വളരെയധികം കടപ്പാടുണ്ട്. വേഗത്തിൽ അപേക്ഷ പരിഗണിച്ചു. ഫയർഫോഴ്സ് മേധാവി, കേരള ഫയർഫോഴ്സ് അസോസിയേഷൻ നേതാക്കൾ, സി കെ ഹരീന്ദ്രൻ എംഎൽഎ, സിപിഐ എം നേതാക്കൾ, പ്രവർത്തകർ, എല്ലാവരോടും നന്ദി’–-ശരത്തിന്റെ അച്ഛൻ എം എസ് രാജേശ്വരന്റെ വാക്കുകൾ. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് നിയമന ഉത്തരവിറക്കിയത്.
തിരുവനന്തപുരം ഒറ്റശേഖരമംഗലം മൈലച്ചൽ സ്വദേശിയായ ശരത്ത് 2020 ഒക്ടോബർ 22നാണ് മരിച്ചത്. പമ്പയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികനെ തിരയുന്നതിനിടെ തടയണയുടെ ഭാഗത്ത് എത്തിയപ്പോൾ ഡിങ്കിയിൽനിന്ന് സ്കൂബാ ടീം തെറിച്ചുവീഴുകയായിരുന്നു. ചുഴിയിൽപെട്ട ശരത്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേന ഡയറക്ടർ, തിരുവനന്തപുരം കലക്ടർ എന്നിവരുടെ ശുപാർശ കൂടി പരിഗണിച്ചാണ് ആശ്രിത നിയമനം. രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് മരണാനന്തര ബഹുമതിയായി ലഭിച്ചു.
അഥർവാണ് മകൻ. രത്നകുമാരിയാണ് അമ്മ. ശരത്ത് സേവമനുഷ്ഠിച്ചിരുന്നതിനേക്കാൾ ഉയർന്ന ശമ്പള സ്കെയിലുള്ള തസ്തികയിൽ അഖിലയ്ക്ക് നിയമനം നൽകി കുടുംബത്തെ ചേർത്തുപിടിച്ച സംസ്ഥാന സർക്കാരിന് കേരള ഫയർ സർവീസ് അസോസിയേഷൻ നന്ദി അറിയിച്ചു.